മുംബൈ: തുടക്കത്തിലെ നിരാശ മാറ്റി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ മുന്നേറുകയാണ്. പ്ലേ ഓഫ് പ്രതീക്ഷ നേരിയ നിലയിലെങ്കിലും അവർക്ക് മുന്നിൽ ഇപ്പോഴും ബാക്കിയുണ്ട്. ഇന്നലെ ഡൽഹി ക്യാപിറ്റൽസിന് എതിരെ അവർ 91 റൺസിന്റെ തകർപ്പൻ വിജയവും പിടിച്ചു. മത്സരത്തിൽ ഡെവോൺ കോൺവെയുടെ അർധ സെഞ്ച്വറിയും അവസാന ഓവറുകളിൽ ക്യാപ്റ്റൻ എംസ് ധോനിയുടെ കാമിയോ ഇന്നിങ്സുമാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ജയത്തിനു പിന്നാലെ, ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിൽ ധോനിയുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ച് നർമത്തിൽ ചാലിച്ച പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ. അവസാന രണ്ട് പന്തിലും ധോനി ഡബിൾ ഓടിയെടുത്തപ്പോൾ തന്റെ കാലിനു പരുക്കേൽക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായി ബ്രാവോ പറയുന്നു. ചെന്നൈ ഇന്നിങ്സ് അവസാനിക്കാൻ മൂന്ന് പന്ത് മാത്രം ബാക്കിനിൽക്കെയാണ് ധോനിക്കു കൂട്ടാളിയായി ബ്രാവോ ക്രീസിലെത്തുന്നത്.
മോയിൻ അലി, റോബിൻ ഉത്തപ്പ എന്നിവർ തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ആൻറിക് നോർക്യയുടെ ഹാട്രിക് ബോളാണ് ബ്രാവോയ്ക്ക് ആദ്യമായി നേരിടേണ്ടി വന്നത്. ആദ്യ പന്തിൽത്തന്നെ ബ്രാവോ സിംഗിൾ എടുത്ത് ധോനിക്കു സ്ട്രൈക്ക് കൈമാറുകയും ചെയ്തു.
അവസാന രണ്ട് പന്തിൽ ബൗണ്ടറി നേടാനായില്ലെങ്കിലും കൗമാരക്കാരന്റെ ചുറുചുറുക്കോടെ രണ്ട് ഡബിൾ ഓടിയെടുത്ത ധോനിയാണ് ചെന്നൈ സ്കോർ 208ൽ എത്തിച്ചത്. ആദ്യ ഡബിൾ ഓടിയെടുക്കുന്നതിനിടെ ക്രീസിലേക്കു ഡൈവ് ചെയ്ത ബ്രാവോ ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടി. ഈ നിമിഷങ്ങളെക്കുറിച്ചാണ് ബ്രാവോ പറയുന്നത്.
‘ഹാട്രിക് ബോളാണ് ഞാൻ ആദ്യം നേരിട്ടത്. ധോനിക്കു സ്ട്രൈക് കൈമാറാനാണു ശ്രമിച്ചത്. ബൗണ്ടറികൾ അടിക്കൂ എന്നെക്കൊണ്ട് രണ്ട് ഓടിക്കരുത്‘- എന്നായിരുന്നു ആ സമയത്ത് ധോനിയോട് ബ്രാവോ പറഞ്ഞത്.
‘ഇന്നിങ്സിനു ശേഷം ഞാൻ ധോനിയോടു പറഞ്ഞു, ഇനി ഇത്തരത്തിലൊരു അവസരം വന്നാൽ ഓടാനായി മറ്റാരെയെങ്കിലും വിളിക്കണം കാരണം എനിക്ക് എന്റെ കാലുകൾ സംരക്ഷിക്കണം‘
‘എന്തൊക്കെ പറഞ്ഞാലും ധോനിയുമൊത്ത് ബാറ്റു ചെയ്യാനാകുന്നതു വലിയ കാര്യം തന്നെയാണ്. ടീം എന്ന നിലയിൽ മികച്ച പ്രകടനമാണു ചെന്നൈ പുറത്തെടുത്തത്. ഋതുവും, കോൺവേയും ചേർന്ന് നല്ല സ്കോറിനുള്ള അടിത്തറ പാകി. പിന്നീട് ഞങ്ങൾ ബൗളിങ്ങിൽ മികവു തുടർന്നു. എല്ലാ കളിയിലും ഇതുപോലെ സമ്പൂർണ മേധാവിത്തം പുലർത്തണം എന്നാണ് ആഗ്രഹം’– ബ്രാവോയുടെ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates