മഴ വില്ലനായാല്‍ സൂപ്പര്‍ ഓവര്‍; അല്ലെങ്കില്‍ ജേതാക്കളെ പട്ടിക നിശ്ചയിക്കും

പ്ലേ ഓഫ് ഘട്ടത്തിലെ 3 മത്സരങ്ങള്‍ക്കും, ഫൈനലിനും ഈ ചട്ടങ്ങള്‍ ബാധകമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മഴ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ഈ സീസണിലെ ഐപിഎല്‍ ജേതാക്കളെ നിശ്ചയിക്കുക ഒരുപക്ഷേ സൂപ്പര്‍ ഓവര്‍ ആയിരിക്കാം! മത്സരം നടത്താനാകാതെ വന്നാല്‍ ലീഗ് പോയിന്റ് പട്ടികയിലെ സ്ഥാന ക്രമത്തില്‍ത്തന്നെ വിജയികളെ നിശ്ചയിക്കും. പ്ലേ ഓഫ് ഘട്ടത്തിലെ 3 മത്സരങ്ങള്‍ക്കും, ഫൈനലിനും ഈ ചട്ടങ്ങള്‍ ബാധകമാണ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കു തിരിച്ചടിയാകുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കൊല്‍ക്കത്തയില്‍ നടക്കുന്ന ക്വാളിഫയര്‍1, എലിമിനേറ്റര്‍ മത്സരങ്ങള്‍, വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി അഹമ്മദാബാദില്‍ നിശ്ചയിച്ചിരിക്കുന്ന ക്വാളിഫയര്‍2, ഫൈനല്‍ മത്സരങ്ങള്‍ എന്നിവ കടുത്ത മഴ ഭീഷണിയിലാണ്. 

ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം മഴയില്‍ നനഞ്ഞു കുതിര്‍ന്നാണു കിടക്കുന്നത്. വരും ദിവസങ്ങളിലും ഇവിടെ മഴ കനക്കും എന്നാണു പ്രവചനം.

കാലാവസ്ഥ പ്രതികൂലമായാല്‍, പ്ലേ ഓഫ് മത്സരങ്ങള്‍ രാത്രി 9.40നു പോലും തുടങ്ങിയേക്കാന്‍ സാധ്യതയുണ്ട്. ഫൈനല്‍ മത്സരം തുടങ്ങാന്‍ രാത്രി 10.10 വരെ വൈകിയാലും 40 ഓവറും കളി നടക്കും. മത്സരം തുടങ്ങാന്‍ വൈകിയാല്‍, ഇന്നിങ്‌സ് ബ്രേക്ക് 7 മിനിറ്റാക്കി ചുരുക്കും. എന്നാല്‍ സ്ട്രാറ്റജിക് ടൈം ഔട്ടുകള്‍ക്കു മാറ്റം ഉണ്ടാകില്ല.   

ഒരു ടീമിന് 5 ഓവര്‍ എന്ന നിലയില്‍ മത്സരങ്ങള്‍ ചുരുക്കാനും സാധ്യതയുണ്ട്. എലിമിനേറ്റര്‍, ക്വാളിഫയര്‍ മത്സരങ്ങള്‍, ഒരു ടീമിന് കുറഞ്ഞത് 5 ഓവര്‍ എന്ന ക്രമത്തിലെങ്കിലും നടത്താന്‍ കഴിയാതെ വന്നാല്‍, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.  

ഐപിഎല്‍ ഫൈനലിന് കാലാവസ്ഥ തിരിച്ചടിയായാല്‍, റിസര്‍വ് ദിവസമായ മേയ് 30നു കളി നടത്തും. മേയ് 29ന് ഏതു സ്‌കോറിലാണോ കളി അവസാനിപ്പിക്കേണ്ടി വന്നത്, അവിടെനിന്നാകും റിസര്‍വ് ദിനത്തില്‍ കളി പുനരാരംഭിക്കുക. ടോസ് പോലും ഇടാനാകാതെയാണു മേയ് 29ലെ കളി ഉപേക്ഷിക്കുന്നത് എങ്കില്‍ റിസര്‍വ് ദിനം ടോസോടെയാകും മത്സരം തുടങ്ങുക. മഴമൂലം ഫൈനല്‍ വീണ്ടും തടസ്സപ്പെട്ടാല്‍ ഐപിഎല്‍ ചരിത്രത്തില്‍ത്തന്നെ ആദ്യമായി സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com