14 വര്‍ഷത്തെ കരിയറില്‍ വരുത്തിയിട്ടില്ലാത്ത പിഴവുകള്‍ ഈ ഒരൊറ്റ സീസണില്‍ കണ്ടു; ഇത് നമുക്ക് അറിയാവുന്ന കോഹ്‌ലി അല്ല: വീരേന്ദര്‍ സെവാഗ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2022 12:37 PM  |  

Last Updated: 28th May 2022 12:37 PM  |   A+A-   |  

VIRAT_KOHLI_RAJASTHAN_ROYALS

ഫോട്ടോ: പിടിഐ

 

അഹമ്മദാബാദ്: 14 വര്‍ഷത്തെ രാജ്യാന്തര കരിയറില്‍ കോഹ്‌ലിയില്‍ നിന്ന് വന്നതിനേക്കാള്‍ കൂടുതല്‍ പിഴവുകള്‍ ഈ ഒരൊറ്റ ഐപിഎല്‍ സീസണില്‍ വന്നതായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. രാജസ്ഥാന് എതിരെ പ്ലേഓഫില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ തുടക്കത്തില്‍ തന്നെ കോഹ്‌ലി വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് സെവാഗിന്റെ വാക്കുകള്‍. 

പ്രസിദ്ധ് കൃഷ്ണയുടെ എക്‌സ്ട്രാ ബൗണ്‍സോടെ എത്തിയ ഡെലിവറിയില്‍ ബാക്ക്ഫൂട്ടില്‍ നിന്ന് സ്ലിപ്പിന് മുകളിലൂടെ പന്ത് വിടാനുള്ള കോഹ്‌ലിയുടെ ശ്രമമാണ് പാളിയത്. ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സഞ്ജുവിന്റെ കൈകളിലേക്ക് എത്തി. 7 റണ്‍സ് മാത്രമാണ് കോഹ് ലിക്ക് നേടാനായത്. 

നമുക്ക് അറിയാവുന്ന കോഹ് ലി അല്ല ഇത്. ഈ സീസണില്‍ കളിക്കുന്നത് മറ്റൊരു കോഹ് ലിയാണ്. തന്റെ കരിയറില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത പിഴവുകള്‍ ഈ സീസണില്‍ കോഹ് ലിക്ക് സംഭവിച്ചു, സെവാഗ് പറയുന്നു. പല തന്ത്രങ്ങളും പരീക്ഷിക്കുന്നതിന് ഇടയില്‍ പല രീതിയില്‍ കോഹ് ലിക്ക് വിക്കറ്റും നഷ്ടമായി. എന്നാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ഇങ്ങനെ സംഭവിക്കും എന്നാണ് സെവാഗ് ചൂണ്ടിക്കാണിക്കുന്നത്. 

മോശം ഫോമില്‍ നിന്ന് പുറത്ത് കടക്കാന്‍ പല വഴികളും പരീക്ഷിക്കും. അത് പല രീതിയില്‍ പുറത്താവുന്നതിനും കാരണമാവും. ഈ സീസണില്‍ സാധ്യമായ എല്ലാ രീതിയിലും കോഹ് ലിക്ക് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഫോമില്ലാതെ നില്‍ക്കുമ്പോള്‍ എല്ലാ ഡെലിവറിയും ബാറ്റിന്റെ മധ്യത്തില്‍ കൊള്ളിക്കാനാവും ശ്രമിക്കുക. അതിലൂടെ ആത്മവിശ്വാസം കൂട്ടാമെന്നാവും ബാറ്ററുടെ ചിന്ത. 

ഭാഗ്യമുള്ളപ്പോള്‍ മോശം ഫോമിലാണെങ്കില്‍ പോലും എഡ്ജ് ചെയ്യാതെ രക്ഷപ്പെടും. എന്നാല്‍ ഇവിടെ അത് സംഭവിച്ചില്ല. കോഹ് ലി പുറത്തായ ഡെലിവറിയില്‍ പേസും ബൗണ്‍സും ഉണ്ടായി. ഒന്നുകില്‍ അത് ലീവ് ചെയ്യുകയോ അല്ലെങ്കില്‍ ഹാര്‍ഡ് ആയി കളിക്കുകയോ ചെയ്യാമായിരുന്നു. അതിലൂടെ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അത് പോയാനെ. എന്നാല്‍ ഇവിടെ സ്ലിപ്പേഴ്‌സിന് ക്യാച്ച് പരിശീലനം നല്‍കുമ്പോള്‍ കളിക്കുന്നത് പോലെയാണ് കോഹ് ലി കളിച്ചത് എന്നും സെവാഗ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

 

ഫ്രഞ്ച് ഓപ്പണിലും അല്‍കാരസിന്റെ തേരോട്ടം; 2006ന് ശേഷം നാലാം റൗണ്ടിലെത്തുന്ന പ്രായം കുറഞ്ഞ താരം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ