അതി നിര്‍ണായകം ഇംഗ്ലണ്ടിന്; ഗാബയില്‍ കാണാം ക്ലാസിക്ക്

ഇംഗ്ലണ്ടിന് ഇന്ന് ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ കാര്യം കൂടുതല്‍ പരുങ്ങലിലാകും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ അതി നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍. സെമി സാധ്യത സജീവമാക്കാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യം. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ന് ബ്രിസ്‌ബെയ്‌നില്‍ ഒരു ക്ലാസിക്ക് പോരാട്ടം കാണാമെന്ന് ചുരുക്കം. 

ഇംഗ്ലണ്ടിന് ഇന്ന് ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ കാര്യം കൂടുതല്‍ പരുങ്ങലിലാകും. പിന്നീട് അഫ്ഗാനിസ്ഥാന്റെ മത്സര ഫലം അവരെ സംബന്ധിച്ച് നിര്‍ണായകമാകും. നിലവില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ന്യൂസിലന്‍ഡ് സെമി സാധ്യത നിലനിര്‍ത്തിയാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. അവരാണ് ഇന്ന് തോല്‍ക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും അഞ്ച് പോയിന്റാകും. ഇപ്പോഴേ കുഴഞ്ഞു മറിഞ്ഞിരിക്കുന്ന ഗ്രൂപ്പ് സമവാക്യം കൂടുതല്‍ സങ്കീര്‍ണമാകും ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കില്‍. 

നിലവിലെ അവസ്ഥയില്‍ ഇംഗ്ലണ്ടിന് നെറ്റ് റണ്‍റേറ്റിന്റെ ആശങ്കയുമായി കിവികളെ നേരിടേണ്ടതില്ല. അക്കാര്യത്തില്‍ അയര്‍ലന്‍ഡിനോട് അവര്‍ നന്ദി പറയണം. ഓസ്‌ട്രേലിയക്കെതിരെ ഇന്നലെ അയര്‍ലന്‍ഡ് കളിച്ചപ്പോള്‍ ഓസീസ് ജയം നീട്ടിയത് ലോര്‍ക്കന്‍ ടക്കര്‍ എന്ന ഒറ്റയാള്‍ പോരാളിയുടെ ചെറുത്തു നില്‍പ്പാണ്. താരം പൊരുതി നേടിയ 71 റണ്‍സ് നെറ്റ് റണ്‍റേറ്റ് സ്വന്തമാക്കി സുരക്ഷിതമാകാമെന്ന ആതിഥേയ മോഹങ്ങള്‍ക്ക് കനത്ത അടിയായി മാറിയിരുന്നു. ഫലത്തില്‍ അത് ഇംഗ്ലണ്ടിന് അനുകൂലമായാണ് വന്നത്. 

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയേയും രണ്ടാം പോരില്‍ ശ്രീലങ്കയേയും തകര്‍ത്ത് അപരാജിതരായാണ് കിവികള്‍ നില്‍ക്കുന്നത്. ഒരു മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ഏതാണ്ട് സെമി ഉറപ്പിക്കുന്ന അവസ്ഥയില്‍ തന്നെയാകുമായിരുന്നു. എങ്കിലും നിലവില്‍ ടീമെന്ന നിലയില്‍ മികവോടെ നില്‍ക്കുന്നു വില്യംസനും സംഘവും. ഇന്ന് ജയിച്ചാല്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും അവര്‍ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറും. ജയത്തിനൊപ്പം നെറ്റ് റണ്‍റേറ്റ് കൂടി ഒത്തുവന്നാല്‍ അവര്‍ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പില്‍ നിന്ന് മുന്നേറും. 

ഇന്ന് തോറ്റാലും രണ്ട് ജയത്തിന്റെ പിന്‍ബലമുള്ളതിനാല്‍ ന്യൂസിലന്‍ഡിന് അവസാന ഘട്ടം വരെ പ്രതീക്ഷ നില്‍നിര്‍ത്താം. അടുത്ത മത്സരത്തില്‍ അവരുടെ എതിരാളികള്‍ അയര്‍ലന്‍ഡാണ്. 

ഇംഗ്ലണ്ട് സാധ്യതാ ഇലവന്‍: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റന്‍, മൊയീന്‍ അലി, ഹാരി ബ്രൂക്, സാം കറന്‍, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്, ആദില്‍ റഷീദ്. 

ന്യൂസിലന്‍ഡ് സാധ്യതാ ഇലവന്‍: കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, മിഷേല്‍ ബ്രെയ്‌സ്‌വെല്‍/ മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്‍ഡ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com