ആദ്യ മത്സരത്തിന് അർജന്റീന ഇറങ്ങുമ്പോൾ എത്ര ഗോളിനായിരിക്കും അവർ വിജയിക്കുക എന്നത് മാത്രമായിരുന്നു ആരാധകർ കണക്കു കൂട്ടിയത്. 36 മത്സരങ്ങൾ തോൽക്കാതെ ഖത്തറിലെത്തിയ ഒരു സംഘം പക്ഷേ ഇപ്പോഴിതാ ഞെട്ടിക്കുന്ന പരാജയത്തിന്റെ കയ്പുനീർ കുടിച്ച് ഹതാശരായി മൈതാനത്ത് നിൽക്കുന്നു.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ലുസെയ്ൽ സ്റ്റേഡിയം അക്ഷരാർഥത്തിൽ ഇന്ന് സാക്ഷ്യം വഹിച്ചത്. സൗദി അറേബ്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിൽ അവര്‍ നേടുന്ന ഏറ്റവും വലിയ ജയമാണിത്. ബെല്‍ജിയത്തെ 1994ല്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയതായിരുന്നു ഇതിന് മുന്‍പ് സൗദി നേടിയ വലിയ അട്ടിമറി ജയം.
ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ മാത്രം വിജയമാണ് സൗദി ഇന്ന് സ്വന്തമാക്കിയത്. 1994 ലോകകപ്പില്‍ മൊറോക്കോയെ 2-1ന് പരാജയപ്പെടുത്തിയാണ് ആദ്യമായി അവർ ലോകകപ്പില്‍ ഒരു ജയം കുറിക്കുന്നത്. അതേ ലോകകപ്പില്‍ ബെല്‍ജിയത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ഈജിപ്തിനെ 2-1ന് സൗദി അറേബ്യ പരാജയപ്പെടുത്തിയിരുന്നു.
വമ്പനൊരു അട്ടിമറിയിലേക്കാണ് തങ്ങൾ ബൂട്ടു കെട്ടുന്നതെന്ന് മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപ് വരെ സൗദി അറേബ്യയുടെ ഒരു താരവും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. അതുകൊണ്ടു തന്നെ 4-1-4-1 എന്ന രീതിയിലാണ് പരിശീലകൻ ടീമിനെ വിന്ന്യസിപ്പിച്ചത്. ആ ഫോർമാഷനിൽ നിന്നു തന്നെ എല്ലാ വ്യക്തം. പരമാവധി തങ്ങളുടെ ബോക്സിലേക്ക് അർജന്റീന താരങ്ങളെ പ്രവേശിപ്പിക്കാതെ പ്രതിരോധിച്ച് നിൽക്കുക.
അർജന്റീനയെന്ന മഹാമേരുവിന് മുന്നിൽ ആദ്യ പകുതിയിൽ അൽപ്പം അങ്കലാപ്പ് പ്രദർശിപ്പിച്ചതൊഴിച്ചാൽ സൗദിയുടെ വഴിക്കാണ് പിന്നീട് കാര്യങ്ങൾ വന്നത്. ഹെർവെ റെനാർഡെന്ന ഫ്രഞ്ച് പരിശീലകന്റെ തന്ത്രങ്ങൾ പ്രതിരോധ നിര ഭംഗിയായി നിർവഹിച്ചപ്പോൾ അവർക്ക് താങ്ങും തണലുമായി നിന്ന ഗോൾ കീപ്പർ മുഹമ്മദ് അലോവൈസും കൈയടി അർഹിക്കുന്നു.
ഒന്നാം പകുതിയുടെ തുടക്കത്തിൽ തന്നെ ലയണൽ മെസി എന്ന ഇതിഹാസ താരത്തിന്റെ ഒരു അനായാസ പെനാൽറ്റിയിലൂടെ ഒരു ഗോളിന്റെ മുൻതൂക്കവുമായി അർജന്റീന ഒന്നാം പകുതിക്ക് പരിയുമ്പോൾ ആരാധകർ അടുത്ത 45 മിനിറ്റിൽ പിറക്കാൻ പോകുന്ന ഗോളുകളാണ് മനസിൽ കണ്ടത്. രണ്ടാം പകുതിയിൽ അർജന്റീന മികവ് കാണിക്കുമെന്നും അവർ പ്രതീക്ഷിച്ചു.
എന്നാൽ ഒന്നാം പകുതിയിലെ സൗദിയല്ല രണ്ടാം പകുതിയിൽ കണ്ടത്. അർജന്റീനയുടെ പ്രതിരോധ വിള്ളലുകൾ കൃത്യമായി മനസിലാക്കി അവർ കോപ്പു കൂട്ടി. 48ാം മിനിറ്റിൽ സലേഹ് അൽഷേരിയും 53ാം മിനിറ്റിൽ അൽദ്വാസരിയും ആ വിള്ളലിലൂടെ അനായാസം നുഴഞ്ഞു കയറി. ഫലം അഞ്ച് മിനിറ്റിനിടെ രണ്ട് കിണ്ണം കാച്ചിയ ഗോളുകൾ. അവിടെ തീർന്നു. അർജന്റീനയുടെ പോരാട്ട വീര്യം.
പിന്നെ മൈതാനത്ത് ചിതറിത്തെറിച്ച പതിനൊന്ന് പേരെയാണ് കണ്ടത്. മറുഭാഗത്ത് സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് അതിമാനുഷനായി രൂപം മാറിയിരുന്നു. മെസിയുടെ ഗോളെന്നുറച്ച ഹെഡ്ഡർ പോലും അയാൾ അവിശ്വസനീയമാം വിധം തട്ടിയകറ്റി. ഓരോ ഘട്ടത്തിലും സൗദി പ്രതിരോധം പാളിയപ്പോൾ രക്ഷകനായി അയാൾ വല കാത്തു.
സർവം സജ്ജമായാണ് ഇത്തവണ അർജന്റീന ഖത്തറിലെത്തിയത്. സമീപ കാലത്തൊന്നും പ്രദർശിപ്പിക്കാത്ത അച്ചടക്കവും ഒരുമയും തങ്ങൾക്കുണ്ടെന്ന് ബ്രസീലിനെ കീഴടക്കി കോപ്പ നേടിയും ഇറ്റലിയെ വീഴ്ത്തി ഫൈനൽസിമ സ്വന്തമാക്കിയും അവർ ഫുട്ബോൾ ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ലയണൽ മെസിയെന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പായതിനാൽ തന്നെ കിരീടത്തിൽ കുറഞ്ഞതൊന്നും തങ്ങളെ തൃപ്തിപ്പെടുത്തില്ലെന്നും അവർക്ക് ബോധ്യമുണ്ടായിരുന്നു.
എന്നാൽ ആദ്യ മത്സരത്തിൽ തന്നെ എല്ലാം പാളി. പ്രതിരോധത്തിലെ ന്യായീകരണമില്ലാത്ത അനാസ്ഥയും വീഴ്ചയും അവരുടെ കുഴി തോണ്ടി. ലക്ഷ്യ ബോധമില്ലാതെ അവർ മൈതാനത്ത് അലയുന്ന കാഴ്ചയെ ദയനീയം എന്നല്ലാതെ വിശേഷിപ്പിക്കാൻ സാധിക്കില്ല. പോളണ്ട്, മെക്സിക്കോ ടീമുകൾക്കെതിരായ പോരാട്ടത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും മെസിക്കും സംഘത്തിനും തുണ നിൽക്കില്ല. സൗദിയോട് കളിച്ച ഈ കളിയാണ് അവിടെയുമെങ്കിൽ മെസിയെന്ന മിശിഹയ്ക്ക് ലോക കിരീടമില്ലാതെ തന്നെ ബൂട്ട് അഴിക്കേണ്ടി വരുന്ന ഹൃദയഭേദകമായ അവസ്ഥയാണ് മുന്നിൽ നിൽക്കുന്നത്. കാത്തിരുന്നു കാണാം. അർജന്റീന തിരിച്ചെത്തുമോ എന്ന്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates