വിറപ്പിച്ച് കാനഡ, പെനാല്‍റ്റി തടുത്തിട്ട് കുര്‍ട്ടോ; ഒരു ഗോള്‍ ബലത്തില്‍ ബെല്‍ജിയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 07:10 AM  |  

Last Updated: 24th November 2022 07:20 AM  |   A+A-   |  

courtois

ഫോട്ടോ: എഎഫ്പി

 

ദോഹ: കാനഡയ്ക്ക് മുന്‍പില്‍ വിറച്ച ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാര്‍. 1986ന് ശേഷം ലോകകപ്പ് കളിക്കാനെത്തുന്ന കാനഡ ആദ്യാവസാനം നിറഞ്ഞപ്പോള്‍ മിച്ചി ബാറ്റ്ഷുവായിയുടെ ഗോളിന്റെ ബലത്തില്‍ മാര്‍ട്ടിനസിന്റെ സംഘം തോല്‍വിയിലേക്ക് വീഴാതെ തടിതപ്പി. 10ാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി വഴങ്ങേണ്ടി വന്ന സമ്മര്‍ദത്തിലും വീഴാതിരുന്ന കുര്‍ട്ടോയും ബെല്‍ജിയത്തിന്റെ രക്ഷകനായി.

22 ഷോട്ടുകളാണ് കാനഡയില്‍ നിന്ന് വന്നത്. എന്നാല്‍ ടാര്‍ഗറ്റിലേക്ക് വന്നത് മൂന്ന് ഷോട്ടുകള്‍ മാത്രം. തുടക്കത്തില്‍ തന്നെ ബെല്‍ജിയത്തെ 1-0 എന്ന സ്‌കോര്‍ ലൈനിലേക്ക് വീഴ്ത്താന്‍ ലഭിച്ച അവസരം കാനഡ നഷ്ടപ്പെടുത്തി. ബോക്‌സിനുള്ളില്‍ ബല്‍ജിയം താരം കരാസ്‌കോയുടെ കയ്യില്‍ പന്ത് തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. 

കാനഡയുടെ അല്‍ഫോന്‍സോ ഡേവിസ് ആണ് കിക്ക് എടുത്തത്. എന്നാല്‍ വലതുഭാഗത്തേക്ക് വന്ന അല്‍ഫോന്‍സോയുടെ കിക്ക് കൃത്യമായി തടഞ്ഞിടാന്‍ ക്വാര്‍ടായ്ക്ക് സാധിച്ചു. പിന്നാലെ ഇരു കൂട്ടരും വിട്ടുകൊടുക്കാതെ കളിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാനത്തോട് അടുത്തപ്പോഴാണ് മത്സരത്തിലെ ആദ്യ ഗോള്‍ വന്നത്. 

ടോബി അല്‍ഡര്‍വെയ്ല്‍ഡിന്റെ പാസില്‍ നിന്നാണ് മിച്ചി ലക്ഷ്യം കണ്ടത്. ഹസാര്‍ഡും ഡിബ്രുയ്‌നും ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങള്‍ കടുപ്പിച്ചപ്പോള്‍ മറുവശത്ത് ബുക്കാനനും അല്‍ഫോണ്‍സോയും ജൊനാഥനുമെല്ലാം ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ മുതലാക്കാന്‍ കനേഡിയന്‍ താരങ്ങള്‍ക്കായില്ല. ആദ്യ പകുതിയില്‍ അലിസ്റ്റര്‍ ജോണ്‍സനില്‍ നിന്ന് വന്ന ഷോട്ടും മത്സരം കഴിയാന്‍ 10 മിനിറ്റ് മാത്രം മുന്‍പില്‍ നില്‍ക്കെ വന്ന ഡേവിഡിന്റെ ഹെഡ്ഡറും തടഞ്ഞിട്ട് കുര്‍ട്ടോ കാനഡയ്ക്ക് ഗോള്‍ നിഷേധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

റഷ്യയില്‍ മെക്‌സിക്കോ, ഇന്ന് ജപ്പാന്‍; വേദന മറക്കാനെത്തിയ ജര്‍മനിക്ക് ഇരട്ടി വേദന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ