'മെസിയും കൂട്ടരും മുറിവേറ്റവർ, മുന്നിൽ ജീവൻമരണ പോര്'- കരുതലോടെ ഇറങ്ങുമെന്ന് മെക്സിക്കോ പരിശീലകൻ

ഇപ്പോഴിതാ ആരാധകരുടെ പ്രവൃത്തിയും അതുവഴി അടുത്ത മത്സരത്തിൽ അർജന്റീനയെ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയും വിലയിരുത്തുകയാണ് ജെറാർഡോ മാർട്ടിനോ
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ദോഹ: ഖത്തറിലെ ഫാൻ പാർക്കുകളിൽ സൗദി ആറേബ്യ ആരാധകരും ചില ബ്രസീലിയൻ ആരാധകരും അർജന്റീനയുടെ ആദ്യ മത്സരത്തിലെ തോൽവി ആഘോഷിക്കുന്നത് ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. സൂപ്പർ താരം ലയണൽ മെസിയാണ് സൗ​ദി, ബ്രസീൽ ആരാധകരുടെ നോട്ടപ്പുള്ളി. എവിടെ പോയി മെസി എന്നാണ് ആരാധകർ കളിയാക്കി ചോദിക്കുന്നത്. 

ഇപ്പോഴിതാ ആരാധകരുടെ പ്രവൃത്തിയും അതുവഴി അടുത്ത മത്സരത്തിൽ അർജന്റീനയെ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയും വിലയിരുത്തുകയാണ് മെക്സിക്കൻ പരിശീലകനും മുൻ അർജന്റീന താരവുമായ ജെറാർഡോ മാർട്ടിനോ. അർജന്റീനയും മെക്സിക്കോയും ലോകകപ്പിൽ ഒരേ ​ഗ്രൂപ്പിലാണ്. അർജന്റീന അടുത്ത മത്സരത്തിൽ മെക്സിക്കോയുമായാണ് ഏറ്റുമുട്ടുന്നത്. മെസിക്കും സംഘത്തിനും ഈ മത്സരം ജീവൻമരണ പോരാട്ടമാണ്. അതുകൊണ്ടു തന്നെ തന്റെ ജന്മ നാടിന്റെ ടീമിനെ ഭയക്കേണ്ടതുണ്ടെന്ന് അർഥാശങ്കയ്ക്ക് ഇടയില്ലാതെ പറയുകയാണ് ജെറാർഡോ മാർട്ടിനോ. 

നേരത്തെ രണ്ട് വർഷം അർജന്റീനയുടെ പരിശീലകനായിരുന്നു മാർട്ടിനോ. 2014 മുതൽ 16 വരെയായിരുന്നു ജന്മ നാടിനെ അദ്ദേഹം പരിശീലിപ്പിച്ചത്. രണ്ട് തവണ കോപ്പ അമേരിക്കയുടെ ഫൈനൽ വരെ എത്തിക്കാൻ മാർട്ടിനോയ്ക്ക് സാധിച്ചിരുന്നു. എന്നാൽ രണ്ട് തവണയും കലാശപ്പോരിൽ കാലിടറി. പിന്നാലെ അദ്ദേഹം പരിശീലക സ്ഥാനവും ഒഴിഞ്ഞു. അതിന് മുൻപ് ബാഴ്സലോണയിലും മാനേജരായിരുന്നു അദ്ദേഹം. 2019 മുതലാണ് മെക്സിക്കൻ ടീമിന്റെ കോച്ചായി എത്തിയത്. 

'ഞങ്ങൾ എല്ലാ മത്സരങ്ങളും ജയിക്കുമെന്ന് മെസി അവകാശപ്പെട്ടിരുന്നു. പക്ഷേ സംഭവിച്ചത് എന്താണ്. മുൻപുണ്ടായിരുന്ന ടീമിനേക്കാൾ കഷ്ടമാണ് ഇപ്പോഴത്തെ സ്ഥിതി'- മാർട്ടിനോ പറയുന്നു. 

അർജന്റീനയ്ക്കെതിരെ മികച്ച പ്രകടനം നടത്തി മെക്സിക്കോയെ പ്രീ ക്വാർട്ടറിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങളാണ് മാർട്ടിനോ മുന്നിൽ കാണുന്നത്. കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും നോക്കൗട്ട് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മെക്സിക്കോ പരാജയപ്പെട്ടാണ് തുടങ്ങിയത്. 2006ലും 2010ലും അർജന്റീനയോടാണ് മെക്സിക്കോ തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെട്ടത്. ഇത്തവണ പോളണ്ടിനെ 1-1ന് സമനിലയിൽ പിടിച്ച് മികച്ച രീതിയിൽ തുടങ്ങാൻ അവർക്ക് സാധിച്ചു. 

വീണ്ടും അർജന്റീനക്കെതിരെ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഏറ്റുമുട്ടേണ്ടി വരുമ്പോൾ മാർട്ടിനോയ്ക്ക് തന്റെ ജന്മനാട് അകപ്പെട്ടിരിക്കുന്ന സ്ഥിതി നല്ലവണ്ണം ബോധ്യമുണ്ട്. ജീവൻമരണ പോരാട്ടമാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ടു തന്നെയാണ് അർജന്റീന അപകടകാരികളാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നത്. 

'സൗദിക്കെതിരായ മത്സര ഫലം അവരുടെ കളി രീതിയിൽ മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല'- മാർട്ടിനോ പറഞ്ഞു.

'എഴുന്നേറ്റ് മുന്നോട്ട് പോകണം'

അർജന്റീനയെ സംബന്ധിച്ച് ലയണൽ സ്കോലോണിയ്ക്ക് മുന്നിൽ വലിയ പ്രതിസന്ധി തന്നെ നിൽക്കുന്നു. സൗദിക്ക് മുന്നിലെത്തും വരെ 36 മത്സരങ്ങൾ തുടരെ വിജയിച്ചാണ് അദ്ദേഹം എത്തിയത്. അതുകൊണ്ടു തന്നെ സൗദിയോടേറ്റെ തോൽവി അർജന്റൈൻ പരിശീലകനെ ഇരുത്തി ചിന്തിപ്പിക്കും. 

മെക്സിക്കോക്കെതിരെ താരങ്ങളെ മാറ്റി പരീക്ഷിക്കുമോ എന്നു കണ്ടറിയണം. മെസിക്ക് മൈതാനം നിറഞ്ഞ് കളിക്കാനുള്ള തരത്തിൽ തന്നെയായിരിക്കും ടീമിന്റെ വിന്ന്യാസം. എഴുന്നേറ്റ് മുന്നോട്ട് പോകുകയല്ലാതെ മറ്റൊരു മാർ​ഗവും തങ്ങൾക്ക് മുന്നിലില്ലെന്ന് മറ്റാരേക്കാളും സ്കലോണിക്ക് അറിയാം. 

സൗദിക്കെതിരായ മത്സരത്തിന് മുൻപ് വരെ കിരീട ഫേവറിറ്റുകളായിരുന്നു അർജന്റീന. ഒറ്റക്കളി എല്ലാം മാറ്റിമറിച്ചു. ലോകകപ്പാകുമ്പോൾ ഇങ്ങനെ ചിലതൊക്കെ സംഭവിക്കുമെന്ന് സ്കലോണി തന്നെ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com