'പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാൻ; തിരിച്ചു വരും'- നെയ്മർ

ബ്രസീൽ- സെർബിയ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നെയ്മറിന് പരിക്കേറ്റത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോകകപ്പ് പോരാട്ടത്തിനിടെ വീണ്ടും പരിക്കേൽക്കേണ്ടി വന്നത് വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി ബ്രസീൽ സൂപ്പർ താരം നെയ്മർ. ലോകകപ്പിൽ സെർബിയക്കെതിരായ പോരാട്ടത്തിൽ പരിക്കേറ്റ് പിൻമാറിയതിന് പിന്നാലെ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് താരം ഇപ്പോൾ താൻ കടന്നു പോകുന്ന പ്രയാസകരമായ നിമിഷങ്ങളെക്കുറിച്ച് പറഞ്ഞത്. പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് താനെന്നും തന്റെ വിശ്വാസം അനന്തമാണെന്നും നെയ്മര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബ്രസീൽ- സെർബിയ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നെയ്മറിന് പരിക്കേറ്റത്. സെർബിയൻ താരം നിക്കോള മിലങ്കോവിചുമായി കൂട്ടിയിടിച്ചാണ് ബ്രസീൽ സൂപ്പർ താരത്തിന് ​ഗ്രൗണ്ട് വിടേണ്ടി വന്നത്. കൂട്ടിയിടിയിൽ വലതു കാൽക്കുഴയ്ക്കാണ് പരിക്കേറ്റത്. പിന്നാലെ അൽപ്പ നേരം കൂടി താരം കളിച്ചെങ്കിലും പത്ത് മിനിറ്റ് തികയും മുൻപ് മൈതാനം വിട്ടു. താരത്തിന്റെ കാലിലെ നീരിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. 

'ബ്രസീലിന്റെ ജേഴ്സി ധരിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന അഭിമാനവും സ്നേഹവും വിശദീകരിക്കാൻ സാധിക്കുന്നതല്ല. ഒരിക്കൽ കൂടി ജനിക്കാൻ അവസരം ലഭിച്ചാൽ അതു ബ്രസീലിൽ തന്നെയാകണം എന്നാണ് ആ​ഗ്രഹിക്കുന്നത്. എനിക്ക് ജീവിതത്തിൽ ഒന്നും ഔദാര്യമായോ എളുപ്പത്തിലോ കിട്ടിയതല്ല. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഞാൻ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതും ലക്ഷ്യങ്ങൾ നേടിയെടുത്തിട്ടുള്ളതും. ആരെയും ഉപദ്രവിച്ച ആളല്ല. ആവശ്യക്കാരെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.' 

'കരിയറിലെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. വീണ്ടും ഒരു ലോകകപ്പിനിടെ പരിക്കു പറ്റിയിരിക്കുന്നു. മുഷിപ്പുളവാക്കുന്ന സം​ഗതി തന്നെയാണത്. വേദനിപ്പിക്കുന്ന അവസ്ഥ. പക്ഷേ തിരിച്ചെത്താനുള്ള അവസരം എന്റെ മുന്നിൽ തുറക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. ഈ വിധത്തിൽ എന്നെ വീഴ്ത്താമെന്ന് എതിരാളി കരുതുന്നുണ്ടെങ്കിൽ അതിന് ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും. കാരണം പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാൻ. അനന്തമാണ് എന്റെ വിശ്വാസം.' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com