ജീവന്‍ നിലനിര്‍ത്താന്‍ മെസിപ്പട, ഇന്ന് മെക്‌സിക്കോയ്ക്ക് എതിരെ; പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഫ്രാന്‍സ്‌

ജീവന്മരണ പോരാട്ടത്തിന് അര്‍ജന്റീന ഇന്ന് ഇറങ്ങും. മെക്‌സിക്കോയാണ് ഇന്ന് അര്‍ജന്റീനയുടെ എതിരാളികള്‍
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ജീവന്മരണ പോരാട്ടത്തിന് അര്‍ജന്റീന ഇന്ന് ഇറങ്ങും. മെക്‌സിക്കോയാണ് ഇന്ന് അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ വിറപ്പിച്ച് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ സൗദി അറേബ്യ ഇന്ന് പോളണ്ടിനെതിരേയും ഇറങ്ങുന്നു. ഗ്രൂപ്പ് ഡിയിലെ രണ്ട് മത്സരങ്ങളും ഇന്നുണ്ട്. ടുണീഷ്യ ഓസ്‌ട്രേലിയയേയും ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനേയും നേരിടും. 

ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് ടുണീഷ്യ-ഓസ്‌ട്രേലിയ മത്സരം. വൈകുന്നേരം 6.30ന് പോളണ്ടിന് മുന്‍പിലേക്ക് സൗദി അറേബ്യ എത്തും. 9.30നാണ് ഫ്രാന്‍സ്-ഡെന്‍മാര്‍ക്ക് പോര്. ഞായറാഴ്ച പുലര്‍ച്ചെ 12.30ന് അര്‍ജന്റീന മെക്‌സിക്കോയെ നേരിടും. 

ഒച്ചാവോയെ മറികടന്ന് വല കുലുക്കണം

നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റോടെ ഒന്നാമതാണ് സൗദി. പോളണ്ട്-മെക്‌സിക്കോ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരുവര്‍ക്കും ഓരോ പോയിന്റ് വീതം. ഇന്ന് പോളണ്ടിനേയും വീഴ്ത്താനായാല്‍ സൗദിക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. 

ജയം മാത്രം മുന്‍പില്‍ കണ്ട് അര്‍ജന്റീന ഇറങ്ങുമ്പോള്‍ സൗദിയേക്കാള്‍ കരുത്തരാണ് മെക്‌സിക്കോ എന്നതാണ് ആശങ്കയാവുന്നത്. സൗദിയുടെ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസിനെ വെല്ലുന്ന ഗോള്‍കീപ്പറാണ് മെക്‌സിക്കന്‍ നിരയിലുള്ളത് എന്നതും വെല്ലുവിളിയാണ്. ഗില്ലര്‍മോ ഒച്ചാവോയെ മറികടന്ന് ഗോള്‍വല കുലുക്കുക മെസിക്കും കൂട്ടര്‍ക്കും കഠിനമാണ്. 

രണ്ട് വട്ടം ഫ്രാന്‍സിനെ വീഴ്ത്തിയ ഡെന്‍മാര്‍ക്ക് 

ഇന്ന് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാല്‍ ഫ്രാന്‍സിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ബെന്‍സെമ ഉള്‍പ്പെടെയുള്ള മുന്നേറ്റനിര താരങ്ങളെ നഷ്ടമായെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 4-1ന് തകര്‍ത്താണ് ഫ്രാന്‍സ് കരുത്ത് കാണിച്ചത്. 

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ടൂണിഷ്യക്കെതിരെ ഡെന്‍മാര്‍ക്ക് സമനിലയില്‍ കുരുങ്ങിയിരുന്നു. എന്നാല്‍ ഫ്രാന്‍സിനെതിരെ രണ്ട് വട്ടം കളത്തിലിറങ്ങിയപ്പോഴും ജയം പിടിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഡെന്‍മാര്‍ക്ക് ഇന്ന് 974 സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com