23കാരന്റെ ലോകകപ്പിലെ ഏഴാം ഗോള്‍! ഡെന്‍മാര്‍ക്കിനേയും തകര്‍ത്ത് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: എംബാപ്പെയുടെ ഇരട്ട ഗോള്‍ ബലത്തില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്ന് ഫ്രാന്‍സ്. രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്ക് എംബാപ്പെയുടെ ഗോള്‍ സ്‌കോറിങ്ങിന്റെ ചൂടറിഞ്ഞപ്പോള്‍ വമ്പന്‍ റെക്കോര്‍ഡും അവിടെ ഫ്രഞ്ച് മുന്നേറ്റനിര താരം സ്വന്തമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ. 

പെലെയെ പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം. 23കാരനായ എംബാപ്പെയുടെ പേരിലുള്ളത് ഏഴ് ലോകകപ്പ് ഗോളുകളാണ്. 24 വയസിന് താഴെ നില്‍ക്കെയാണ് പെലെയും ഏഴ് ഗോളുകള്‍ നേടിയത്. 2018ലെ ലോകകപ്പില്‍ തന്റെ പതിനെട്ടാം വയസില്‍ എംബാപ്പെ ഇറങ്ങി നേടിയത് നാല് ഗോളുകളാണ്. ഫ്രാന്‍സിനായി നാല് ലോകകപ്പുകളില്‍ കളിച്ച തിയറി ഹെന്‍ റിയേക്കാള്‍ കൂടുതല്‍ ഗോളുകള്‍ എംബാപ്പെ അടിച്ചുകഴിഞ്ഞു. 

ആദ്യ പകുതി ഗോള്‍രഹിതം

കളിയിലേക്ക് വരുമ്പോള്‍ ഡെന്‍മാര്‍ക്കിന് എതിരെ തുടക്കം മുതല്‍ തന്നെ ഫ്രാന്‍സിന് അവസരങ്ങള്‍ സൃഷ്ടിക്കാനായി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ അകന്ന് നിന്നു. 22ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ നിന്ന് വന്ന റാബിയറ്റിന്റെ ഹെഡ്ഡര്‍ ശ്രമം ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ രക്ഷപെടുത്തി. 

ആദ്യ പകുതിയിലെ ഗ്രീസ്മാന്റേയും ജിറൗദിന്റേയും ആക്രമണങ്ങള്‍ക്കൊപ്പം ഡെന്‍മാര്‍ക്കും ഫ്രാന്‍സ് ഗോള്‍മുഖത്ത് ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 61ാം മിനിറ്റിലാണ് എംബാപ്പെ വല കുലുക്കിയത്. തിയോ ഹെര്‍ണാണ്ടസില്‍ നിന്ന് വണ്‍ ടു പാസ് കളിച്ച് വന്നാണ് എംബാപ്പെ വല കുലുക്കിയത്. 

തൊട്ടുപിന്നാലെ ഡെന്‍മാര്‍ക്ക് സമനില പിടിച്ചു.  ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടി. എന്നാല്‍ ഡെന്‍മാര്‍ക്കിന്റെ സമനിലപൂട്ട് ശ്രമം പൊളിച്ച് എംബാപ്പെ വീണ്ടുമെത്തി. നിശ്ചിത സമയം അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ എംബാപ്പെ വല കുലുക്കി. ഗ്രീസ്മാന്റെ അസിസ്റ്റില്‍ നിന്ന് രണ്ട് ഡെന്‍മാര്‍ക്ക് ഡിഫന്റര്‍മാരെ മറികടന്ന് എംബാപ്പെയുടെ ഫിനിഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com