സഞ്ജുവിന്റെ പോരാട്ടം പാഴായി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

63 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 86 റണ്‍സോടെ സഞ്ജു പുറത്താകാതെ നിന്നു
സഞ്ജുവിന്റെ ബാറ്റിംഗ്/ പിടിഐ
സഞ്ജുവിന്റെ ബാറ്റിംഗ്/ പിടിഐ

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഒമ്പതു റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി.  ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ എട്ടിന് 240 റണ്‍സില്‍ അവസാനിച്ചു.

63 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 86 റണ്‍സോടെ സഞ്ജു പുറത്താകാതെ നിന്നു. മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു.ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി.

തബ്രിസ് ഷംസിയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു 20 റണ്‍സ് അടിച്ചെടുക്കാനേ സഞ്ജുവിന് സാധിച്ചുള്ളൂ. ഋതുരാജ് ​ഗെയ്ക്ക് വാദിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങും, നിര്‍ണായക ഘട്ടത്തില്‍ സഞ്ജുവിന് സ്‌ട്രൈക്ക് കൈമാറാതിരുന്ന ആവേശ് ഖാനും പരാജയത്തിൽ ഘടകമായി. 

37 പന്തില്‍ നിന്ന് 50 റണ്‍സടിച്ച ശ്രേയസ് അയ്യരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. 250 റൺസ് വിജയലക്ഷ്യം തേടിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ (3) മടങ്ങി. പിന്നാലെ ശിഖര്‍ ധവാനും (4) പുറത്തായി. പിന്നീട് ക്രീസിൽ ഒന്നിച്ച ഋതുരാജ് ഗെയ്ക്‌വാദിനും ഇഷാന്‍ കിഷനും റണ്‍റേറ്റ് നിലനിർത്താനായില്ല. ഗെയ്ക്‌വാദ് 42 പന്തില്‍ 19 റൺസാണെടുത്തത്. ഇഷാൻ കിഷൻ 37 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. 

തുടര്‍ന്ന് ശ്രേയസ് അയ്യരും സഞ്ജുവും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ശ്രേയസ് പുറത്തായതോടെ, തുടർന്നെത്തിയ ശർദൂലിനെ കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യൻ ഇന്നിം​ഗ്സ് മുന്നോട്ടു കൊണ്ടുപോയി. 33 റൺസെടുത്ത ശർദൂലിനെ എൻ​ഗിഡി പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നെത്തിയ കുൽദീപിനും ആവേശ് ഖാനും സഞ്ജുവിന് മികച്ച പിന്തുണ നൽകാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 139 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹെന്റിക് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്ലാസന്‍ 65 പന്തില്‍ നിന്നും രണ്ട് സിക്സും ആറ് ഫോറുമടക്കം 74 റണ്‍സോടെ പുറത്താകാതെ നിന്നു. മില്ലര്‍ 63 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്തു. ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് 48 റണ്‍സെടുത്ത് പുറത്തായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com