തുടരുന്ന എവേ ദുരന്തം; വീണ്ടും നാണംകെട്ട് ലിവർപൂൾ; ഇത്തവണ വീഴ്ത്തിയത് നോട്ടിങ്ഹാം

ഹോം പോരിൽ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് നോട്ടിങ്ഹാം ചെമ്പടയെ അട്ടിമറിച്ചത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

നോട്ടിങ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂളിന്റെ കഷ്ടകാലത്തിന് അവസാനമില്ല. ഈ സീസണിൽ ഇതുവരെയായി ഒരു എവേ പോരാട്ടത്തിലും വിജയിക്കാൻ സാധിച്ചില്ലെന്ന നാണക്കേട് തുടരുന്നു. കരുത്തരായ ക്ലോപിന്റെ സംഘത്തെ ഇത്തവണ വീഴ്ത്തിയത് 19ാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റ്. 1996 ന് ശേഷമാണ് സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ലിവര്‍പൂളിനെ തോല്‍പ്പിക്കുന്നത്. 

ഹോം പോരിൽ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് നോട്ടിങ്ഹാം ചെമ്പടയെ അട്ടിമറിച്ചത്. പ്രീമിയര്‍ ലീഗ് സീസണില്‍ ഇതുവരെ ഒരു എവേ ഗെയിമില്‍ പോലും ലിവര്‍പൂളിന്‌ വിജയിക്കാനായിട്ടില്ല. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റോടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അവർ.

സ്വന്തം തട്ടകത്തില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയിക്കാനാവാതെയാണ് നോട്ടിങ്ഹാം ലിവര്‍പൂളിനെതിരേ കളിക്കാനിറങ്ങിയത്. ആദ്യ പകുതിയില്‍ രണ്ട് ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോളാക്കാനായില്ല. നോട്ടിങ്ഹാം ഗോള്‍ കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ചു. 

ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ഇരുടീമുകളും ആക്രമണം തുടർന്നു. 55-ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു കൊണ്ട് നോട്ടിങ്ഹാം ലീഡെടുത്തു. സ്‌ട്രൈക്കര്‍ ടൈവോ അവോനിയിയാണ് വല ചലിപ്പിച്ചത്. റൈറ്റ് ബാക്ക് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനേയും മധ്യനിര താരം ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണേയും കളത്തിലിറക്കി ചെമ്പട തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ​ലീഡ് സ്വന്തമാക്കിയ നോട്ടിങ്​ഹാം പ്രതിരോധം കടുപ്പിച്ചതോടെ സമനിലയെന്ന പ്രതീക്ഷയും അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com