'ആ ടെന്നീസ് വസന്തം പെയ്തിറങ്ങുന്നു'- വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍

ടെന്നീസിനെ മറ്റൊരു തലത്തിലേക്ക് നയിച്ച താരമാണ് കളമൊഴിയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

സൂറിച്ച്: ടെന്നീസ് ചരിത്രത്തിലെ ഏക്കാലത്തേയും ഇതിഹാസ താരമായി പരിഗണിക്കപ്പെടുന്ന സ്വിസ് അതികായന്‍ റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 41കാരനായ താരം സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട ദീര്‍ഘമായ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ആഴ്ച നടക്കുന്ന ലാവര്‍ കപ്പായിരിക്കും സ്വിസ് ഇതിഹാസത്തിന്റെ അവസാന പോരാട്ട വേദി. 

20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ പകിട്ടുമായി നില്‍ക്കുന്ന താരമാണ് ഫെഡറര്‍. സ്വിസ് ഇതിഹാസം കളം വിടുന്നതോടെ അസാമന്യമായ ഒരു കാലത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്. 

’എനിക്ക് 41 വയസായി. 24 വർഷത്തിനിടെ കളിച്ചത് 1500ൽ അധികം മത്സരങ്ങളാണ്. ഞാൻ സ്വപ്നം കണ്ടതിലും എത്രയോ അധികമാണ് ടെന്നീസ് എനിക്കു തിരികെ നൽകിയത്. സജീവ ടെന്നീസിൽ നിന്ന് വിരമിക്കാനുള്ള സമയമായെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ലണ്ടനിൽ അടുത്തയാഴ്ച നടക്കുന്ന ലാവർ കപ്പാകും എന്റെ കരിയറിലെ അവസാന എടിപി ടൂർണമെന്റ്. ഭാവിയിൽ ഞാൻ കൂടുതൽ ടെന്നീസ് മത്സരങ്ങൾ കളിക്കുമെന്ന് തീർച്ച. പക്ഷേ ഗ്രാൻസ്‍ലാം, ടൂർ വേദികളിൽ ഇനി ഞാനുണ്ടാകില്ല’– സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ഫെഡറർ പറഞ്ഞു.

ടെന്നീസിലെ സൗന്ദര്യ ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ഫെഡറര്‍. നൈസര്‍ഗികമായ കളിയും കൈ വഴക്കങ്ങളും തന്ത്രങ്ങളും തുടങ്ങി ടെന്നീസിനെ മറ്റൊരു തലത്തിലേക്ക് നയിച്ച താരമാണ് കളമൊഴിയുന്നത്. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിക്കു മൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഫെഡറര്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്.

24 വര്‍ഷത്തെ അനുപമമായ കരിയറിനാണ്
ഫെഡറര്‍ വിരാമമിടുന്നത്. കരിയറില്‍ 103 കിരീടങ്ങള്‍ ഇക്കാലയളവില്‍ അദ്ദേഹം സ്വന്തമാക്കി.

റോഡ് ലേവറും ബ്യോൺ ബോർ​ഗും പീറ്റ് സാംപ്രസും ആന്ദ്രെ അ​ഗാസിയും റാഫേൽ നദാലും നൊവാക് ജോക്കോവിചും തുടങ്ങി നിരവധി താരങ്ങൾ ചമച്ച വൈവിധ്യം നിറഞ്ഞ ടെന്നീസ് പാഠങ്ങളെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി വായിക്കുകയും മൈതാനത്ത് കാണിക്കുകയും ചെയ്ത ടെന്നീസ് ചരിത്രത്തിലെ ഒരേയൊരു മനുഷ്യനെന്ന് കാലം ഫെഡററെ അടയാളപ്പെടുത്തുന്നു. ചരിത്രം തിരുത്തിയെഴുതിയാണ് ടെന്നീസ് കരിയറിന് അദ്ദേഹം വിരാമം കുറിക്കുന്നത്. 

1997 സെപ്റ്റംബറിൽ 16ാം വയസിലാണ് പ്രൊഫഷണൽ ടെന്നീസിൽ ഫെഡറർ അരങ്ങേറ്റം കുറിച്ചത്. ക്ലാസിക് ടെന്നീസിന്റെ സൗന്ദര്യവും പവർ ടെന്നീസിന്റെ ചടുലതയും യോജിപ്പിച്ചുള്ള ഫെഡററിസം ടെന്നീസിലെ വിപ്ലവകരമായ കേളീ ശൈലിയാണ്. ആ റാക്കറ്റിൽ നിന്നു പിറക്കുന്ന ഒറ്റകൈയൻ ബാക്ഹാൻഡുകൾക്കും സ്ലൈസിങ് ഷോട്ടുകളും തുടങ്ങി അദ്ദേഹം മൈതാനത്ത് പടർത്തിയ സുന്ദര നിമിഷങ്ങൾക്ക് കണക്കില്ല. ഫെഡറർ കളമൊഴിയുമ്പോൾ  അക്ഷരാർത്ഥത്തിൽ ഒരു യു​ഗത്തിനാണ് അവസാനമാകുന്നത്.

310 ആഴ്ചകൾ ടെന്നീസ് റാങ്കിങ്ങിന്റെ തലപ്പത്തിരുന്നതിന്റെ പെരുമയുണ്ട് ഫെഡറർക്ക്. അതിൽ 237 ആഴ്ചകൾ തുടർച്ചയായി ഒന്നാം സ്ഥാനത്ത് അദ്ദേഹം അമർന്നിരുന്നു. ഇതും റെക്കോർഡാണ്. അഞ്ച് തവണ ഒന്നാം റാങ്കുമായി അ​ദ്ദേഹം പുതുവർഷത്തിലേക്കു കടന്നു. ആകെ നേടിയ 20 ഗ്രാൻസ്‌ലാം കിരീടങ്ങളിൽ എട്ടെണ്ണം വിംബിൾഡൻ വേദിയിൽ നിന്നാണ്. ഇതും റെക്കോർഡാണ്. 

36 വയസും 195 ദിവസവും പിന്നിട്ടപ്പോൾ പുരുഷ ടെന്നീസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരനായും ഫെഡറർ റെക്കോർഡിട്ടിരുന്നു. 2003ൽ 33–ാം വയസിൽ ഒന്നാം സ്ഥാനത്തെത്തിയ ആന്ദ്രേ അ​ഗാസിയുടെ റെക്കോർഡാണു മറികടന്നത്. 2012 നവംബറിലാണു ഫെഡറർ അതിനു മുൻപ് ലോക ഒന്നാം റാങ്കിലെത്തിയത്.

അഞ്ച് വർഷങ്ങൾക്കും 106 ദിവസങ്ങൾക്കും ശേഷം വീണ്ടും ഒന്നാം റാങ്കിലെത്തിയതും റെക്കോർഡായി. 2004ൽ ആദ്യമായി ഒന്നാം റാങ്കിലെത്തി, 14 വർഷങ്ങൾക്കിപ്പുറം വീണ്ടും അതേ സ്ഥാനത്തെത്തിയതു മറ്റൊരു റെക്കോർഡ്. ഫെഡററുടെ എക്കാലത്തേയും വലിയ എതിരാളിയായ റാഫേൽ നദാലിനെയാണ് അദ്ദേഹം ഇവിടെ മറികടന്നത്.

എട്ട് വിംബിൾഡൺ കീരിടങ്ങൾ കൂടാതെ ആറ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, അഞ്ച് യുഎസ് ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി. ആറ് എടിപി ടൂർ ഫൈനൽസ് ആറ് തവണയാണ് ഫെഡറർ വിജയിച്ചത്. 2012ലെ ലണ്ടൻ ഒളംപിക്സിൽ സിം​ഗിൾസിൽ വെള്ളി നേടിയ ഫെഡറർ 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ ഡബിൾസ് സ്വർണം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലാകെ 223 ഡബിൾസ് മത്സരങ്ങളും കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com