'മങ്കാദിങ് മാന്യം', ഉമിനീർ വിലക്ക് തുടരും, ബൗളറുടെ ശ്രദ്ധ തെറ്റിച്ചാൽ അഞ്ച് റൺസ് നഷ്ടം; പരിഷ്കാരവുമായി ഐസിസി

ഇനി മുതൽ ക്രീസിലെത്തുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം പന്ത് അഭിമുഖീകരിക്കണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന ഐസിസി. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. ചീഫ് എക്‌സിക്യൂട്ടീവ്‌സ് കമ്മിറ്റി (സിഇസി) യുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മാറ്റം. കോവിഡിനെ തുടർന്ന് പന്തിൽ ഉമിനീർ പുരട്ടുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി വിലക്കുണ്ടായിരുന്നു. ഇത് തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതടക്കം ശ്ര​ദ്ധേയമായ നിരവധി മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. 

2017ല്‍ എംസിസി പുറത്തിറക്കിയ പുതുക്കിയ നിയമാവലിയെക്കുറിച്ച് ചര്‍ച്ച ചെയ്ത സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. പിന്നാലെ ഐസിസി ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കാൻ അം​ഗീകാരം നൽകി. സിഇസിയുടെ ശുപാര്‍ശകള്‍ക്ക് വനിതാ ക്രിക്കറ്റ് കമ്മിറ്റിയും പിന്തുണ നല്‍കി.

ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദത്തിന് തിരികൊളുത്തിയ ഒന്നാണ് മങ്കാദിങ്. മങ്കാദിങ് അനുവദനീയമാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ പരിഷ്കാരം. ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ ഔട്ടാക്കിയ ഇന്ത്യയുടെ ആർ അശ്വിന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടണ്ടി വന്നതും ഓർക്കുക. 

ബൗളര്‍ പന്തെറിയാന്‍ വരുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ ക്രീസിന് പുറത്താണെങ്കില്‍ ബൗളര്‍ക്ക് നോണ്‍ സ്‌ട്രൈക്കിലുള്ള വിക്കറ്റില്‍ പന്തെറിഞ്ഞ് ഔട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്നു വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് മാന്യതയുള്ള കളിയായിട്ടല്ല ഇതുവരെ കണക്കാക്കിയിരുന്നത്. ഐസിസിയുടെ പുതിയ പരിഷ്‌കാരമനുസരിച്ച് ഇത്തരത്തിലുള്ള ഔട്ട് സാധാരണ റണ്‍ ഔട്ട് വിഭാഗത്തില്‍ ഇനി പരിഗണിക്കും. 

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ബൗളര്‍മാര്‍ക്ക് പന്തില്‍ ഉമിനീർ പുരട്ടാനാനുള്ള അനുമതിയില്ലായിരുന്നു. ഈ പരിഷ്‌കാരം വരും മത്സരങ്ങളിലും തുടരും. കോവിഡ് കാലം കഴിഞ്ഞാലും ഈ നിയമത്തില്‍ മാറ്റമുണ്ടാകില്ല.

ക്രിക്കറ്റില്‍ സാധാരണയായി ബാറ്റര്‍ ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ പിച്ചിന്റെ പകുതി പിന്നിട്ടാല്‍ സ്‌ട്രൈക്ക് കിട്ടുമായിരുന്നു. ഈ നിയമത്തില്‍ പരിഷ്‌കാരം വന്നു. ഇനി മുതൽ നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റര്‍ ഓടി മറുക്രീസിലെത്തിയാലും പുതിയതായി വരുന്ന ബാറ്റര്‍ തന്നെ അടുത്ത പന്ത് നേരിടണം. 

പുതിയതായി ക്രീസിലെത്തുന്ന ബാറ്റർ ആദ്യ പന്ത് നേരിടേണ്ടതിനും സമയം നിശ്ചയിച്ചു. ഇനി മുതൽ ക്രീസിലെത്തുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം പന്ത് അഭിമുഖീകരിക്കണം. ടെസ്റ്റിലും ഏകദിനത്തിലുമാണ് ഈ നിയമമുള്ളത്. ടി20യില്‍ ഇത് 90 സെക്കന്‍ഡാണ്.

ബാറ്റര്‍മാര്‍ പിച്ചില്‍ നിന്ന് തന്നെ കളിക്കണമെന്നതാണ് പുതിയ പരിഷ്‌കാരം. ചില പന്തുകള്‍ കളിക്കാനായി താരങ്ങള്‍ പിച്ച് വിട്ട് പുറത്തേക്ക് പോകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അമ്പയര്‍ ഡെഡ്ബോള്‍ വിളിക്കും. പിച്ച് വിട്ട് കളിക്കാന്‍ ബാറ്റര്‍ നിര്‍ബന്ധിതനാകുന്ന ഏത് പന്തും ഇനിമുതല്‍ നോബോളായിരിക്കും. 

പന്തെറിയാന്‍ വരുന്ന ബൗളറുടെ ശ്രദ്ധ തെറ്റിക്കാനായി ബാറ്ററോ ബാറ്റിങ് ടീമിലെ അംഗമോ എന്തെങ്കിലും ചെയ്താല്‍ ബാറ്റിങ് ടീമിന്റെ സ്‌കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറയ്ക്കും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും. 

പന്തെറിയും മുന്‍പ് സ്‌ട്രൈക്കിലുള്ള ബാറ്റര്‍ ക്രീസ് വിട്ട് മുന്നോട്ട് വരികയാണെങ്കില്‍ ബൗളര്‍ക്ക് ബാറ്ററെ റണ്‍ ഔട്ടാക്കാമായിരുന്നു. എന്നാല്‍ ഇനിമുതല്‍ അതിന് വിലക്കുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പന്ത് ഡെഡ് ബോളായി വിധിക്കും.

ബൗളിങ് ടീം സമയത്തിനുള്ളില്‍ ഓവര്‍ എറിഞ്ഞു തീര്‍ത്തില്ലെങ്കില്‍ ബൗണ്ടറിയിലുള്ള ഫീല്‍ഡറെ ഫീല്‍ഡിങ് സര്‍ക്കിളിനുള്ളില്‍ നിര്‍ത്തണം. 2022 ജനുവരിയില്‍ ടി20 മത്സരങ്ങളിലാണ് ഈ നിയമം കൊണ്ടുവന്നത്. ഇനിമുതല്‍ ഇത് ഏകദിന മത്സരങ്ങളിലും പ്രാവര്‍ത്തികമാകും. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

ഗ്രൗണ്ടിലെ പിച്ച് മോശമാണെങ്കില്‍ ഇരു ടീമുകളുടെയും സമ്മതത്തോടുകൂടി ഹൈബ്രിഡ് പിച്ചുകള്‍ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വനിതാ ടി20 മത്സരങ്ങളിലാണ് ഈ സൗകര്യമുള്ളത്. ഇനിമുതല്‍ എല്ലാ ഏകദിന ടി20 മത്സരങ്ങളിലും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com