ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് 'ഓസീസ് പരീക്ഷ'; ആദ്യ ട്വന്റി-20 ഇന്ന് 

മൊഹാലി ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം
ഇന്ത്യന്‍ ടീം/ എഎന്‍ഐ
ഇന്ത്യന്‍ ടീം/ എഎന്‍ഐ

മൊഹാലി: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.  പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും കളി തത്സമയം കാണാം. 

അടുത്തമാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവുകളും പരിഹരിക്കാനുള്ള അവസരമാണ് ഇരുടീമുകള്‍ക്കും പരമ്പര. ലോകകപ്പിന് മുമ്പായി ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യ മൂന്നു മത്സര ട്വന്റി-20 പരമ്പര കളിക്കുന്നുണ്ട്. 

മുന്‍ നായകന്‍ വിരാട് കോഹ്‌ലി സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നു. പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെ കളിപ്പിക്കണമെന്നതാണ് ടീം മാനേജ്‌മെന്റിനെ കുഴയ്ക്കുന്നത്. 

ട്വന്റി- 20യില്‍ ഋഷഭ് പന്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയുമുണ്ട്. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും ഇന്ത്യന്‍ ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ മങ്ങിയ ഫോമും സ്റ്റീവ് സ്മിത്തിന്റെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റുമാണ് ഓസീസിന്റെ ആശങ്ക. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ അഭാവത്തില്‍ ഓസീസ് ടീമില്‍ കാര്യമായ മാറ്റമുണ്ടാവും. 2020 ഡിസംബറിന് ശേഷം ഇരുടീമും ട്വന്റി-20യില്‍ ഏറ്റുമുട്ടിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com