'കളിയേയും എതിരാളിയേയും ബഹുമാനിക്കണം; പറ്റില്ലെങ്കില്‍ ഗ്രൗണ്ട് വിടുക'; യശസ്വിയെ പുറാത്താക്കിയതില്‍ രഹാനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 11:59 AM  |  

Last Updated: 27th September 2022 12:00 PM  |   A+A-   |  

jaiswal_rahane

ജയ്‌സ്വാളിനോട് സംസാരിക്കുന്ന രഹാനെ/ വീഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി: ബാറ്ററെ സ്ലെഡ്ജ് ചെയ്തതിന്റെ പേരില്‍ ടീം അംഗം യശസ്വി ജയ്‌സ്വാളിനെ ക്യാപ്റ്റന്‍ രഹാനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. പിന്നാലെ തന്റെ നിലപാടില്‍ ഉറച്ച് നിന്ന് പ്രതികരിക്കുകയാണ് രഹാനെ. 

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് സംഭവം. വെസ്റ്റ് സോണ്‍ താരമായ യശസ്വി ജയ്‌സ്വാള്‍ സൗത്ത് സോണിന്റെ രവി തേജയെ സ്ലെഡ്ജ് ചെയ്തുകൊണ്ടിരുന്നു. അമ്പയര്‍ ഇടപെട്ടിട്ടും രഹാനെ പലവട്ടം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും യശസ്വി പ്രകോപനം തുടര്‍ന്നു. ഇതോടെ യശസ്വിയോട് ഗ്രൗണ്ട് വിടാന്‍ രഹാനെ നിര്‍ദേശിച്ചു. 

നിയമം പിന്തുടരേണ്ടതുണ്ട്. കളിയേയും എതിരാളിയേയും അമ്പയര്‍മാരേയും ബഹുമാനിക്കണം. എതിരാളികളേയും അമ്പയര്‍മാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. അത് സാധ്യമല്ലെങ്കില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്ത് പോവുക. അതാണ് എന്റെ മന്ത്രം, രഹാനെ വ്യക്തമാക്കുന്നു. 

ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ഫൈനലില്‍ വെസ്റ്റ് സോണിനായി യശസ്വി 263 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. യശസ്വിയുടെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ 529 റണ്‍സ് ആണ് വെസ്റ്റ് സോണ്‍ കണ്ടെത്തിയത്. പിന്നാലെ സൗത്ത് സോണിനെ 234 റണ്‍സിന് വീഴ്ത്തി വെസ്റ്റ് സോണ്‍ 294 റണ്‍സ് ജയത്തോടെ കിരീടം ചൂടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇനി ബ്രിട്ടീഷ് മ്യൂസിയത്തില്‍ നോക്കിയാല്‍ മതി'; താനിയ ഭാട്യയുടെ ഹോട്ടല്‍ മുറിയില്‍ മോഷണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ