ഗ്രീന്‍ഫീല്‍ഡില്‍ നിന്ന് ജയത്തോടെ മടങ്ങി ഇന്ത്യ; സൗത്ത് ആഫ്രിക്കയെ 8 വിക്കറ്റിന് വീഴ്ത്തി

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും ജയത്തോടെ തുടങ്ങി ഇന്ത്യ
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും ജയത്തോടെ തുടങ്ങി ഇന്ത്യ. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 

മൂന്ന് വിക്കറ്റ് പിഴുത അര്‍ഷ്ദീപ് സിങ് ആണ് കളിയിലെ താരം. സൗത്ത് ആഫ്രിക്കയെ 106 റണ്‍സില്‍ ചുരുട്ടിക്കെട്ടിയതിന് ശേഷം 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധ ശതകം കണ്ടെത്തി. 

ചെയ്‌സിങ്ങിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രോഹിത്തിനെ നഷ്ടമായി. 2 പന്തില്‍ നിന്ന് ഡക്കായി റബാഡയുടെ പന്തിലാണ് രോഹിത് മടങ്ങിയത്. പിന്നാലെ മൂന്ന് റണ്‍സ് എടുത്ത് വിരാട് കോഹ് ലിയും മടങ്ങി. എന്നാല്‍ രാഹുലിനൊപ്പം ക്രീസില്‍ നിലയുറപ്പിച്ച സൂര്യകുമാര്‍ തകര്‍ത്തു കളിച്ചു. 33 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് സൂര്യകുമാര്‍ യാദവ് 50 റണ്‍സ് എടുത്തത്. സൂര്യകുമാര്‍ യാദവ് ട്വന്റി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കും എത്തി. 

2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടം

നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്. കേശവ് മഹാരാജും ഐഡന്‍ മാര്‍ക്രവും വെയ്ന്‍ പാര്‍നെലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചെറുത്തുനില്‍പ്പ് നടത്തിയത് കൊണ്ട് മാത്രമാണ് ടീം സ്‌കോര്‍ നൂറ് റണ്‍സ് കടന്നത്.

കേശവ് മഹാരാജാണ് ടോപ്പ് സ്‌കോറര്‍. 41 റണ്‍സാണ് കേശവ് മഹാരാജ് നേടിയത്. കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം സ്‌കോര്‍ രണ്ടക്കം കടന്നിരുന്നില്ല. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ ട്വന്റി 20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോഴുള്ള ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന റെക്കോര്‍ഡാണ് തിരുവനന്തപുരത്ത് പിറന്നത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതായിരുന്നു ഇതിന് മുമ്പത്തെ ദക്ഷിണാഫ്രിക്കയുടെ വലിയ തകര്‍ച്ച.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com