'ഏഷ്യാ കപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താം'- ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ

ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. സെപ്റ്റംബർ രണ്ട് മുതൽ 17 വരെയാണ് പോരാട്ടങ്ങൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: ബിസിസിഐയുടെ കടുത്ത നിലപാടിന് മുന്നിൽ ഒടുവിൽ മുട്ടുമടക്കി പാക് ക്രിക്കറ്റ് ബോർഡ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താമെന്ന് സമ്മതിച്ച് ആതിഥേയരായ പാകിസ്ഥാൻ.  പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി ഇക്കാര്യം ഏഷ്യ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. 

'ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ മത്സരങ്ങൾ പാക് മണ്ണിലും ഇന്ത്യയുടെ പോരാട്ടങ്ങൾ നിഷ്പക്ഷ വേദിയിലും നടത്താൻ സമ്മതമാണെന്ന് ഏഷ്യ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ടൂർണമെന്റ് നടത്തിപ്പ് സംബന്ധിച്ച് ഇതാണ് ഞങ്ങളുടെ തീരുമാനം'- സേത്തി വ്യക്തമാക്കി.

ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. സെപ്റ്റംബർ രണ്ട് മുതൽ 17 വരെയാണ് പോരാട്ടങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്ന വേദി സംബന്ധിച്ച തീരുമാനം വന്നാൽ അന്തിമ ഫിക്സചർ പുറത്തിറങ്ങും.  

'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളിൽ മഞ്ഞുരുകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ 2025ലെ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാക് മണ്ണിൽ വരുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടു. അതു ഞങ്ങൾ അം​ഗീകരിക്കുന്നു. ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് പോകുന്നതിനും ഞങ്ങൾ ഒരുക്കമാണ്.'

ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ കൗൺസിൽ യോഗത്തിനായി വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്ത മാസം ഗോവ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനത്തെ പാക് ബോർഡ് വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കിടയിലുമുള്ള മഞ്ഞുമലകൾ ഉരുകാൻ സഹായിക്കുമെന്നും സേത്തി പ്രത്യാശിക്കുന്നു.

'ഇന്ത്യക്കെതിരെ മത്സരിക്കുന്നതിന് നിലവിൽ പാക് സർക്കാർ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ പാക് ആരാധകരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് പറയാൻ സാധിക്കില്ല. ഇന്ത്യയുമായി മാന്യമായി ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾക്ക് ആ​ഗ്രഹമുണ്ട്. നിലവിൽ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷമാക്കുന്നതു പോലെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാക് മത്സരങ്ങൾ പൊതു വേദിയിലേക്ക് മാറ്റുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. ഇക്കാര്യം സംബന്ധിച്ച് ഏഷ്യ ക്രിക്കറ്റ് കൗൺസിലുമായി ചർച്ചകൾ നടക്കുകയാണ്.' 

'നേരത്തെ പാകിസ്ഥാനിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ല. പാകിസ്ഥാനിൽ കളിക്കാൻ വരുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഒഴിവുകഴിവുകൾ എന്താണ്?- സേത്തി ചോദിച്ചു. 

രാഷ്ട്രീയ കാരണങ്ങളാൽ ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പാകിസ്ഥാൻ രം​ഗത്തെത്തി. അങ്ങനെയെങ്കിൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് തങ്ങളും ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡും ഭീഷണി മുഴക്കി.  

എന്നാൽ ഐസിസിയിലും ഏഷ്യ ക്രിക്കറ്റ് കൗൺസിലിലും ഇന്ത്യ കടുംപിടിത്തം തുടർന്നു. ഇതോടെ ഇരു സംഘടനകളും ഇന്ത്യയുടെ നിലപാടിനൊപ്പം നിന്നു. ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന ആവശ്യമാണ് ബിസിസിഐ മുന്നോട്ടു വച്ചത്. ഇതിനെതിരെയും പാകിസ്ഥാൻ രം​ഗത്തെത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. ഒടുവിലാണ് ഇപ്പോഴത്തെ തീരുമാനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com