

ഗയാന: തുടർച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും വെസ്റ്റ് ഇൻഡീസിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ വിൻഡീസ് മറികടന്നു. രണ്ട് വിക്കറ്റിനാണ് ജയം. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് 2-0 ന് മുന്നിലെത്തി.
അർധസെഞ്ചുറിയുമായി തിളങ്ങിയ നിക്കോളാസ് പൂരാനാണ് വിൻഡീസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ആദ്യ ഓവറിൽ തന്നെ ഇന്ത്യ വിറപ്പിച്ചു. ഒന്നാം ഓവറിൽ ബ്രാൻഡൺ കിങ്ങും ജോൺസൺ ചാൾസും പുറത്തായി. നാലാം ഓവറിൽ കൈൽ മായേഴ്‌സ് കൂടി പുറത്തായതോടെ 32ന് മൂന്ന് എന്ന നിലയിലായ് വിൻഡീസ്. 15 റൺസാണ് മായേഴ്സിന്റെ സമ്പാദ്യം. പക്ഷെ, ഈ സമയം നിക്കോളാസ് പൂരാൻ മറുവശത്ത് ആക്രമണം തുടങ്ങിയിരുന്നു. ആദ്യ ആറോവറിൽ ടീം സ്കോർ 60 കടന്നു.
ആറാം ഓവറിൽ ഒരു സിക്‌സും മൂന്ന് ഫോറുമടക്കം പൂരാൻ 18 റൺസാണ് നേടിയത്. ബിഷ്‌ണോയ് ആയിരുന്നു ബൗളർ. വെറും 29 പന്തുകളിൽ നിന്നാണ് പൂരാൻ അർധസെഞ്ചുറി കുറിച്ചത്. റോവ്മാൻ പവൽ പൂരാന് പിന്തുണ നൽകിയെങ്കിലും ഹാർദിക് പാണ്ഡ്യക്ക് മുന്നിൽ കീഴടങ്ങി. പിന്നാലെ എത്തിയ ഷിംറോൺ ഹെറ്റ്‌മെയർ പൂരാനൊപ്പം ചേർന്നു, ഇവർ സ്‌കോർ 100 കടത്തി. പിന്നാലെ പൂരാൻ പുറത്താകുകയും ചെയ്തു. 40 പന്തുകളിൽ നിന്ന് ആറ് ഫോറും നാല് സിക്സും നേടി 67 റൺസാണ് താരം സ്വന്തമാക്കിയത്.
റൊമാരിയോ ഷെപ്പേർഡും ജേസൺ ഹോൾഡറും ഹെറ്റ്‌മെയറും അടുപ്പിച്ച് ക്രീസ് വിട്ടതോടെ വിൻഡീസ് ഒന്ന ഞെട്ടി. 126ന് നാല് എന്ന നിലയിൽ നിന്ന് പെട്ടെന്നാണ് 129ന് എട്ട് എന്ന സ്കോറിലേക്കെത്തിയത്. പക്ഷെ, ഒൻപതാം വിക്കറ്റിൽ അൽസാരി ജോസഫും അകിയേൽ ഹൊസെയ്‌നും പതിയെ റൺസ് കണ്ടെത്തി. ഒടുവിൽ ഏഴുപന്തുകൾ ശേഷിക്കെ വിൻഡീസ് വിജയം നേടി. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ മൂന്നും ചാഹൽ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. അർഷ്ദീപും മുകേഷും ഓരോ വിക്കറ്റ് വീതം നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates