ഇന്ത്യന്‍ ടീം ഏതോ മായാലോകത്തില്‍, വിജയതൃഷ്ണയോ പോരാട്ടവീര്യമോ ഇല്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം

By സമകാലിക മലയാളം ഡെസ്ക്   |   Published: 14th August 2023 10:56 AM  |  

Last Updated: 13th September 2023 11:26 AM  |   A+A-   |  

indian_team

ഇന്ത്യന്‍ ടീം/ എഎന്‍ഐ

 

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ടി 20 പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വിജയിക്കാനുള്ള ആവേശമോ ത്വരയോ ഇല്ലാത്ത ഇന്ത്യന്‍ യുവനിര ഏതോ മായാലോകത്താണ് ജീവിക്കുന്നതെന്നും വെങ്കിടേഷ് പ്രസാദ് കുറ്റപ്പെടുത്തി. 

ഇന്ത്യ കുറച്ചുകാലമായി വളരെ സാധാരണമായ ഒരു ലിമിറ്റഡ് ഓവര്‍ ടീമാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും, 2022 ല്‍ നടന്ന ടി20 ലോകകപ്പിലും യോഗ്യത നേടാതിരുന്ന ടീമാണ് വെസ്റ്റിന്‍ഡീസ്. ആ ടീമിനോടാണ് ഇന്ത്യ തോറ്റത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

വെറും പ്രസ്താവന നടത്തുന്നതിനപ്പുറം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഗൗരവമായ ആത്മപരിശോധന നടത്തണം. ഇന്ത്യന്‍ ടീമിന് വിജയിക്കാനുള്ള ത്വരയും ആവേശവും നഷ്ടമായിരിക്കുന്നു. അത് പലപ്പോഴും ക്യാപ്റ്റനെ നിസ്സഹായനാക്കുന്നു. കളിക്കാരുടെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ബാറ്റര്‍മാര്‍ക്ക് ബൗള്‍ ചെയ്യാന്‍ അറിയില്ല, ബൗളര്‍മാര്‍ക്ക് ബാറ്റു ചെയ്യാന്‍ അറിയില്ല. 

ചില കളിക്കാരോട് അന്ധമായ ഇഷ്ടമുണ്ടാകാം. പക്ഷെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ടീമിന് അതു ഗുണകരമാകില്ല. ടീം തെരഞ്ഞെടുപ്പില്‍ സ്ഥിരതയില്ല, ക്രമരഹിതമായ കാര്യങ്ങള്‍ വളരെയധികം സംഭവിക്കുന്നുവെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ ടി 20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിനാണ് തോറ്റത്. ഏഴു വര്‍ഷത്തിന് ശേഷമാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ ഒരു പരമ്പര നേടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

രാജാവായി ബ്രണ്ടൻ കിങ്, അഞ്ചാം മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തു: വിൻഡീസിന് പരമ്പര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ