'പുതിയ ധോണി, അതേ ശാന്തത'; അത് ഉത്തരവാദിത്വമെന്ന് ഹാര്‍ദിക്

ധോണിയെ പോലെ ശാന്തനായി ബാറ്റ് ചെയ്യുന്ന നിലയിലേക്ക് താന്‍ വളരേണ്ടതുണ്ട്.
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഹമ്മദാബാദ്:  തന്റെ കരിയറിന്റെ അവസാന ഘട്ടത്തില്‍ രാജ്യത്തിനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി സ്വീകരിച്ച റോള്‍ കളിക്കുന്നതില്‍ തനിക്ക് സന്തോഷമെന്ന് ഹാര്‍ദിക് പാണ്ഡ്യ. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ 168 റണ്‍സിന്റെ വന്‍ വിജയം നേടി പരമ്പര സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ 30 റണ്‍സ് നല്‍കി നാല് വിക്കറ്റ് വീഴ്ത്തി പരമ്പരയിലെ താരമായും തെരഞ്ഞടുക്കപ്പെട്ടു.

സമ്മര്‍ദനിമിഷത്തില്‍ എങ്ങനെ കളിക്കണമെന്നുള്ള നിലയിലേക്ക്് ഉയരാന്‍ കഴിഞ്ഞതായി ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ധോണിയെ പോലെ ശാന്തനായി ബാറ്റ് ചെയ്യുന്ന നിലയിലേക്ക് താന്‍ വളരേണ്ടതുണ്ട്. എപ്പോഴും സിക്‌സറുകള്‍ അടിക്കുന്നത് താന്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് പരിണമിക്കേണ്ടതുണ്ട്. അതിനായി തന്റെ സ്‌ട്രൈക്ക് റേറ്റ് ത്യജിക്കാന്‍ തയ്യാറാണെന്നും ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുകയാണ് പ്രധാനമെന്നും പാണ്ഡ്യ പറഞ്ഞു. 

പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഹാര്‍ദിക്കിന്റെ വിലപ്പെട്ട സംഭാവനകള്‍ ടീമിനു കരുത്തായി എന്നതാണ് വസ്തുത. പ്രത്യേകിച്ച് ക്യാപ്റ്റനെന്ന നിലയിലും പവര്‍പ്ലേയില്‍ ബോളറായും. ആദ്യ മത്സരത്തില്‍ തോറ്റതോടെ പരമ്പരയില്‍ പിന്നിലായി പോയ ടീമിനെ അടുത്ത രണ്ടു മത്സരങ്ങളും വിജയിപ്പിച്ചതില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്ക് മിടുക്ക് കാട്ടി. ഇതുവരെ നാല് ട്വന്റി20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദിക്, എല്ലാ പരമ്പരയും സ്വന്തമാക്കി.

ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് ഹാര്‍ദിക് നല്‍കിയ പിന്തുണയും പ്രോത്സാഹനവും ഇന്നലെ ക്രീസില്‍ ഉള്‍പ്പെടെ കാണാനായി. നാലാം വിക്കറ്റില്‍ ഇരുവരും ഒന്നിച്ചപ്പോള്‍, ഗില്ലിന്റെ ഓരോ ഷോട്ടിനും ആഹ്ലാദം പ്രകടിപ്പിക്കുന്ന ക്യാപ്റ്റനെയാണ് ആരാധകര്‍ക്ക് കാണാനായത്. കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചറിക്കൊപ്പം ട്വന്റി20യില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ശുഭ്മാന്‍ സ്വ്ന്തമാക്കി. ശുഭ്മാന്റെ  സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് 234 എന്ന കൂറ്റന്‍ സ്‌കോര്‍ നേടുകയും ന്യൂസിലന്‍ഡിനെ 66 റണ്‍സിന് പുറത്താക്കുകയും ചെയതു.

തന്റെ ശ്രദ്ധ ഇപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലാണ്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പും അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പും വൈറ്റ് ബോള്‍ ക്രിക്കറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com