'അശ്വിന്‍ ഇന്ത്യയുടെ തോക്ക്, നേരിടല്‍ കഠിന വെല്ലുവിളി'- ഓഫ് സ്പിന്‍ പേടിയില്‍ ഖവാജ

അശ്വിന്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സ്പിന്‍ ആക്രമണം വലിയ വെല്ലുവിളിയാണെന്ന് ഖവാജ തുറന്നു സമ്മതിക്കുന്നു
ആർ അശ്വിൻ/ എഎഫ്പി
ആർ അശ്വിൻ/ എഎഫ്പി

ബംഗളൂരു: ഇന്ത്യയുമായുള്ള നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെല്ലാം അശ്വിന്‍ പേടിയിലാണ്. അശ്വിനെ നേരിടാന്‍ സന്നാഹ മത്സരം വരെ ഒഴിവാക്കി മഹേഷ് പിതിയ എന്ന അശ്വിന്‍ ഡ്യൂപ്ലിക്കേറ്റിനെ കൊണ്ടു വന്ന് നെറ്റ്‌സില്‍ നിരന്തരം പരിശീലനം നടത്തുകയാണ് ഓസീസ് ക്യാമ്പ്. ഇപ്പോഴിതാ അവരുടെ ഓപ്പണറും നിര്‍ണായക താരവുമായ ഉസ്മാന്‍ ഖവാജയും അശ്വിന്‍ തങ്ങള്‍ക്ക് ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികളെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തി. 

അശ്വിന്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സ്പിന്‍ ആക്രമണം വലിയ വെല്ലുവിളിയാണെന്ന് ഖവാജ തുറന്നു സമ്മതിക്കുന്നു. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഈ മാസം ഒന്‍പതിന് നാഗ്പുരില്‍ തുടങ്ങാനിരിക്കെയാണ് ഓസീസ് ഓപ്പണറുടെ തുറന്നു പറച്ചില്‍. 

'ഇന്ത്യയുടെ തോക്കാണ് അശ്വിന്‍. ക്രീസിലെ സ്‌പെയ്‌സ് ശരിയാം വണ്ണം ഉപയോഗിച്ച് ചെറിയ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി തന്ത്രപരമായി പന്തെറിയുന്ന താരം. കരിയറിന്റെ തുടക്കത്തിലാണ് നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കുന്നതെങ്കില്‍ എനിക്ക് കൃത്യമായി ഉത്തരം പറയാന്‍ സാധിക്കുമായിരുന്നില്ല. കാരണം ഓഫ് സ്പിന്നര്‍മാരെ നേരിട്ടുള്ള അനുഭവം അന്ന് കുറവായിരുന്നു. ഇപ്പോള്‍ പക്ഷേ എനിക്കറിയാം. അവരെ നേരിടുക എന്നത് കടുത്ത വെല്ലുവിളിയാണ്.' 

'തിരിയുന്ന വിക്കറ്റാണെങ്കില്‍ അശ്വിന്‍ ധാരാളം ഓവറുകള്‍ എറിയുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ അശ്വിനെ എങ്ങനെ നേരിടും ആ പന്തുകളില്‍ എങ്ങനെ റണ്‍സ് കണ്ടെത്തും എന്തായിരിക്കും അദ്ദേഹം ചെയ്യാന്‍ പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ നിരന്തരം ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഒരേ തരത്തില്‍ പന്തെറിയുന്ന ആളല്ല അശ്വിന്‍. കൂടുതല്‍ ജാഗ്രതയോടെ കളിക്കേണ്ട താരമാണ് അദ്ദേഹം. അശ്വിന്‍, അക്ഷര്‍, ജഡേജ ത്രയം മാരകമാണ്. പ്രത്യേകിച്ച് പുതിയ പന്തില്‍. സ്പിന്നിങ് പിച്ചില്‍ പുതിയ പന്ത് കളിക്കുന്നത് വലിയ വെല്ലുവിളിയാണ്.' 

'ഉപഭൂഖണ്ഡത്തില്‍ ഓപ്പണറായി ബാറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ അങ്ങനെയല്ല. ഫ്‌ളാറ്റ് പിച്ചാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. നന്നായി തിരിയുന്ന പിച്ചില്‍ പുതിയ പന്ത് കളിക്കുക എന്നത് ഏറെ ദുഷ്‌കരമാണ്. മയപ്പെട്ടാല്‍ കാര്യങ്ങള്‍ വരുതിയില്‍ വരും'- സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിനോട് സംസാരിക്കവേയാണ് ഖവാജ അശ്വിനുയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച് വാചാലനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com