'പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കില്‍ ഏത് നരകത്തിലേക്ക് വേണമെങ്കിലും പോകു'- ഇന്ത്യക്കെതിരെ മിയാന്‍ദാദ്

കഴിഞ്ഞ ദിവസം നടന്ന എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ എസിസി പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ പാകിസ്ഥാനിലാണെങ്കില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്നു
മിയാൻദാദ്/ ട്വിറ്റർ
മിയാൻദാദ്/ ട്വിറ്റർ

കറാച്ചി: ഏഷ്യ കപ്പ് ക്രിക്കറ്റ് പാകിസ്ഥാനില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകളും സജീവം. അതിനിടെ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. 

കഴിഞ്ഞ ദിവസം നടന്ന എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ എസിസി പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ പാകിസ്ഥാനിലാണെങ്കില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്നു. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇ അടക്കമുള്ള പൊതു വേദിയില്‍ നടത്തുക അല്ലെങ്കില്‍ ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ മാറ്റുക തുടങ്ങിയ വിഷയങ്ങളും പരിഗണനയ്ക്കു വന്നു.

ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് തങ്ങള്‍ ബഹിഷ്‌കരിക്കും എന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. വിവാദം കത്തി നില്‍ക്കെ വിഷയത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് എസിസി തീരുമാനം. 

ഇന്ത്യയുടെ പിന്തുണയൊന്നും തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് മിയാന്‍ദാദ് പറയുന്നത്. പാകിസ്ഥാനിലേക്കില്ലെന്ന നിലപാട് സ്വീകരിച്ച ഇന്ത്യക്കെതിരെ ഐസിസി നടപടി എടുക്കാത്തതിനെയും മിയാന്‍ദാദ് ചോദ്യം ചെയ്തു. 

'അവര്‍ക്ക് പാകിസ്ഥാനിലേക്ക് വരാന്‍ താത്പര്യമില്ലെങ്കില്‍ ഏത് നരകത്തിലേക്ക് വേണമെങ്കിലും പൊയ്‌ക്കോട്ടെ. അതൊന്നും ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യമേ അല്ല. പാകിസ്ഥാന് നിലനില്‍ക്കാന്‍ ഇന്ത്യയുടെ ആവശ്യമില്ല.'

'നിങ്ങള്‍ പാകിസ്ഥാനില്‍ വന്നു കളിക്കു. പാകിസ്ഥാനില്‍ കളിക്കാന്‍ എന്തിനാണ് നിങ്ങള്‍ ഭയപ്പെടുന്നത്. എന്തുകൊണ്ട് ഇവിടെ വന്നു കളിക്കുന്നില്ല. പാകിസ്ഥാനില്‍ വച്ച് തോറ്റാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത് സഹിക്കാനാകുന്ന കാര്യമല്ല. പൊതുജനം തങ്ങളെ വെറുതെവിടില്ലെന്നും അവര്‍ക്കറിയാം.' 

'ഇന്ത്യ വരുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഐസിസിയുടെ ജോലിയാണ്. ഇന്ത്യയെ ഐസിസിക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭരണ സമിതി എന്നു പറഞ്ഞ് ഇരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്.' 

'എല്ലാ ടീമുകള്‍ക്കും ഒരേ നിയമങ്ങളായിരിക്കണം. ഇന്ത്യ ക്രിക്കറ്റിലെ വലിയ ശക്തിയൊക്കെ ആയിരിക്കും. അവരുടെ നാട്ടില്‍ മാത്രമാണ് അതെല്ലാം. പാകിസ്ഥാന് അതൊന്നും ബാധകമല്ല. ലോകത്തിനും.' 

'ഐസിസി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. അതിനു സാധിക്കുന്നില്ലെങ്കില്‍ ഇങ്ങനെയൊരു സംവിധാനം തന്നെ ആവശ്യമില്ല'- മിയാന്‍ദാദ് പാക് മാധ്യമങ്ങളോട് സംസാരിക്കവേ തുറന്നടിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com