'സ്പിന്‍ കെണിയില്‍ വീഴാത്ത ഹിറ്റ്മാന്‍'- കുലുങ്ങാതെ രോഹിത് നിന്ന പിച്ച് പരിശോധിച്ച് സ്മിത്ത്! 

ഓസീസിന്റെ പത്തില്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കി. ജഡേജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നിരുന്നു. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ഒരുക്കിയ സ്പിന്‍ കെണിയില്‍ ഓസീസ് ബാറ്റിങ് നിര തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു നാഗ്പുരില്‍. ഓസീസിന്റെ പത്തില്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കി. ജഡേജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു.  

പിച്ച് സ്പിന്നിന് അനുകൂലമാണെന്ന് ഇന്ത്യയുടെ ബാറ്റിങും തെളിയിക്കുന്നു. ഓസീസിനായി അരങ്ങേറിയ ടോഡ് മര്‍ഫിയെന്ന സ്പിന്നര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റം അവിസ്മരണീയമാക്കി. മറ്റൊരു സ്പിന്നര്‍ നതാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി. രോഹിത് ശര്‍മയെ വീഴ്ത്തി ആറാം വിക്കറ്റ് സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സാണ് ഒരു വിക്കറ്റെടുത്ത മറ്റൊരു താരം. 

സ്പിന്നര്‍മാര്‍ വാണ പിച്ചില്‍ ഒരാള്‍ മാത്രം തോല്‍ക്കാതെ നിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഉജ്ജ്വല സെഞ്ച്വറിയടിച്ച് രോഹിത് പച്ചില്‍ ഒരു ഭൂതവും ഒളിഞ്ഞിരിപ്പില്ലെന്ന് തെളിയിച്ചു. 

രോഹിതിന്റെ റെക്കോര്‍ഡ് സെഞ്ച്വറി പരാമര്‍ശിച്ച് രസകരമായൊരു ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്. പിച്ച് പരിശോധിക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ ചിത്രവും അതില്‍- 'എന്തുകൊണ്ട് പിച്ച് രോഹിത്തിനെ വിഷമിപ്പിക്കുന്നില്ല?'- എന്ന അടിക്കുറിപ്പോടെയാണ് റോയല്‍സിന്റെ രസകരമായ ട്വീറ്റ്. 

രോഹിത് ശര്‍മ റെക്കോര്‍ഡ് സെഞ്ച്വറി കുറിച്ചതിന് പിന്നാലെയായിരുന്നു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് വൈറലായി മാറുകയും ചെയ്തു. 

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന അനുപമ റെക്കോര്‍ഡും രോഹിത് മത്സരത്തില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടം തൊടുന്ന നാലാമത്തെ മാത്രം താരമായും രോഹിത് മാറി. പാക് നായകന്‍ ബാബര്‍ അസം, മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ എന്നിവരാണ് നേരത്തെ നേട്ടം തൊട്ടവര്‍. 

120 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോഴും രോഹിത് അക്ഷോഭ്യനായി നിലകൊണ്ടു. 15 ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഹിറ്റ്മാന്റെ ശതകം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com