ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

'വലിയ... വലിയ അബദ്ധങ്ങള്‍'- ഓസ്‌ട്രേലിയന്‍ പോരായ്മകള്‍ എണ്ണിപ്പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

പാറ്റ് കമ്മിന്‍സിന്റെ ഫീല്‍ഡര്‍മാരെ വിന്ന്യസിപ്പിക്കുന്ന രീതിയേയും ക്ലാര്‍ക്ക് വിമര്‍ശിച്ചു

സിഡ്‌നി: ഇന്ത്യക്കെതിരായ തുടര്‍ ടെസ്റ്റ് തോല്‍വികളില്‍ ഓസ്‌ട്രേലിയയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍. ഇയാന്‍ ഹീലിക്ക് പിന്നാലെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും രംഗത്ത്. പരമ്പരയ്ക്ക് മുന്നോടിയായി ടീം പരിശീലന മത്സരം കളിക്കാത്തതും ടീം തിരഞ്ഞെടുപ്പിലെ പോരായ്മകളുമാണ് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. പരിശീലന മത്സരം കളിക്കാത്തതാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

'ഇത്തരമൊരു അവസ്ഥ ടീമിന് സംഭവിച്ചതില്‍ എനിക്ക് ഒട്ടും ആശ്ചര്യം തോന്നുന്നില്ല. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഒരു പരിശീലന മത്സരമെങ്കിലും കളിക്കണമായിരുന്നു. അതുണ്ടായില്ല. ടീം വരുത്തിയ ഏറ്റവും വലതും സുപ്രധാനവുമായ തെറ്റ് ഇതാണ്.' 

'ഉന്നത നിലവാരം പുലര്‍ത്തുന്ന സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ഓസീസ് ബാറ്റര്‍മാര്‍ അമ്പേ പരാജയപ്പെട്ടു. സ്പിന്‍ നേരിടുന്നതില്‍ ബാറ്റര്‍മാര്‍ക്കുള്ള കഴിവില്ലായ്മ രണ്ട് മത്സരങ്ങളിലും വെളിവാക്കപ്പെട്ടു.'

ഡല്‍ഹിയില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാനുള്ള ഒരു ചെറു ശ്രമം കണ്ടെന്നും അതൊന്നും പക്ഷേ വിജയം കണ്ടില്ലെന്നും ക്ലാര്‍ക്ക് പറയുന്നു. 

'ഒന്നാം ടെസ്റ്റിനുള്ള ടീം തിരഞ്ഞെടുപ്പും വലിയ അബദ്ധമായിരുന്നു. ട്രാവിസ് ഹെഡ്ഡിനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കണമായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള സാഹചര്യമൊന്നും ഇത്തരം പിച്ചുകളില്‍ ഉണ്ടാകില്ല. സ്പിന്നിനെതിരെ റിവേഴ്‌സ് സ്വീപ്പൊക്കെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കളിക്കാന്‍ ശ്രമിക്കുന്നതും അബദ്ധമാണ്. കുത്തിത്തിരിയുന്ന പിച്ചുകളില്‍ സ്പിന്നിനെതിരെ സാഹസികതയ്ക്ക് മുതിരരുത്. അത്തരത്തില്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ആത്മഹത്യാപരമാണ്.'  

'രണ്ട് സിദ്ധാന്തങ്ങളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്പിന്നിനെതിരെ ബാറ്റര്‍ പ്രയോഗിക്കേണ്ടത്. ഒന്ന് പതറാതെ ബാറ്റ് വീശുക. രണ്ട് ഓരോ പന്തും കരുതലോടെ നേരിടുക.' 

'ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിക്കുന്നത് എന്തുകൊണ്ടാണ് നാം ശ്രദ്ധിക്കാത്തത്. എന്തുകൊണ്ടാണ് അവരെ പോലെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കാത്തത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് സാഹചര്യവുമായി നല്ല പരിചയമുണ്ടായിരിക്കാം. അത്തരത്തില്‍ കളിക്കാന്‍ ശ്രമിക്കുന്നതിന് പകരം വ്യത്യസ്തമായ രീതിയില്‍ കളിക്കാന്‍ എന്തിനാണ് ടീം മുതിരുന്നത്.'

പാറ്റ് കമ്മിന്‍സിന്റെ ഫീല്‍ഡര്‍മാരെ വിന്ന്യസിപ്പിക്കുന്ന രീതിയേയും ക്ലാര്‍ക്ക് വിമര്‍ശിച്ചു. എത്ര കുറഞ്ഞ സ്‌കോറായാലും അത് പ്രതിരോധിക്കാനും വിജയം സ്വന്തമാക്കാനും ടീം ശ്രമിക്കണമായിരുന്നുവെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com