ഇത്തവണ ആന്‍ഡേഴ്‌സനൊപ്പം കൂടിയത് ലീഷ്; രണ്ടാം ടെസ്റ്റിലും രക്ഷയില്ലാതെ കിവീസ്

ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുമ്പോഴേയ്ക്കും ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


വെല്ലിങ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും രക്ഷയില്ലാതെ ന്യൂസിലന്‍ഡ്. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ഒരു ആനുകൂല്യവും അവര്‍ക്ക് മുതലാക്കാന്‍ സാധിക്കുന്നില്ല. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അവര്‍ കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. മഴയെ തുടര്‍ന്ന് രണ്ടാം ദിനം കളി തടസപ്പെട്ടു. ഇതോടെ ഈ ദിനം അവസാനിപ്പിക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചു. കളി നിര്‍ത്തുമ്പോള്‍ കിവികള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന പരിതാപകരമായ അവസ്ഥയില്‍. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 

ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുമ്പോഴേയ്ക്കും ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടമായി. അവിടെ തുടങ്ങി അവരുടെ തകര്‍ച്ച. 103 റണ്‍സ് എത്തുമ്പോഴേക്കും ഏഴ് വിക്കറ്റുകള്‍ വീണിരുന്നു. 

എട്ടാം വിക്കറ്റില്‍ പിരിയാതെ ബാറ്റ് വീശുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലന്‍ഡല്‍ (25) ക്യാപ്റ്റന്‍ ടിം സൗത്തി (23) എന്നിവരിലാണ് ഇനി ന്യൂസിലന്‍ഡിന്റെ നേരിയ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 200 എങ്കിലും കടത്തിയില്ലെങ്കില്‍ വന്‍ പരാജയമാണ് അവരെ കാത്തിരിക്കുന്നത്. 

ഓപ്പണര്‍ ടോം ലാതമാണ് ടോപ് സ്‌കോറര്‍. താരം 35 റണ്‍സെടുത്തു. ഹെന്റി നിക്കോള്‍സ് 30 റണ്‍സെടുത്തു. ഡെവോണ്‍ കോണ്‍വെ (പൂജ്യം), കെയ്ന്‍ വില്യംസന്‍ (നാല്), വില്‍ യങ് (രണ്ട്), ഡാരില്‍ മിച്ചല്‍ (13), മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ (ആറ്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 

ഇംഗ്ലണ്ടിനായി വെറ്ററന്‍ ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജാക്ക് ലീഷും മൂന്ന് വിക്കറ്റുകള്‍ കൊയ്തു. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് ശേഷിച്ച ഒരു വിക്കറ്റ്. 

ആദ്യ ദിനത്തില്‍ മൂന്നിന് 315 എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ഉജ്ജ്വല സെഞ്ച്വറിയുമായി ആദ്യ ദിനം തകര്‍ത്തടിച്ച ഹാരി ബ്രൂകിന് ഇരട്ട സെഞ്ച്വറിയിലേക്ക് എത്താന്‍ സാധിച്ചില്ലെന്ന് മാത്രമാണ് ഇംഗ്ലണ്ടിന് നിരാശയുണ്ടാക്കിയ ഏക കാര്യം. താരം തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി ചേര്‍ത്ത് 186 റണ്‍സുമായി മടങ്ങി. ബ്രൂകിനൊപ്പം സെഞ്ച്വറിയടിച്ച മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് 153 റണ്‍സുമായി പുറത്താകാതെ നിന്നു. പത്ത് ഫോറും മൂന്ന് സിക്‌സും സഹിതമാണ് റൂട്ട് 153 അടിച്ചെടുത്തത്. ബ്രൂക് 176 പന്തില്‍ 24 ഫോറും അഞ്ച് സിക്‌സും സഹിതം 186 റണ്‍സ് വാരി.

ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
തുടക്കത്തില്‍ തന്നെ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഇംഗ്ലീഷ് ബാറ്റിങ്. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് തികയുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നിലംപൊത്തി. ഓപ്പണര്‍മാരായ സാക് ക്രൗളി (രണ്ട്), ബെന്‍ ഡുക്കറ്റ് (ഒന്‍പത്), ഒല്ലി പോപ് (10) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 

എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച റൂട്ട്, ഹാരി ബ്രൂക് എന്നിവര്‍ കിവികളുടെ കണക്കുകൂട്ടല്‍ അമ്പേ തെറ്റിച്ചു. ഇരുവരും സെഞ്ച്വറിയുമായി കളം വാഴുന്നതാണ് ഒന്നാം ദിനത്തില്‍ കണ്ടത്. മഴയെ തുടര്‍ന്ന് നേരത്തെ കളി അവസാനിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റില്‍ 294 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. ആ ടെസ്റ്റിലും കളിയിലെ താരമായത് ബ്രൂകായിരുന്നു. രണ്ട് ഇന്നിങ്സിലും താരം അര്‍ധ സെഞ്ച്വറി നേടി. 89, 54 എന്നിങനെയായിരുന്നു സ്‌കോര്‍. ടെസ്റ്റിലെ നാലാം സെഞ്ച്വറിയാണ് ബ്രൂക് കുറിച്ചത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. കന്നി ഇരട്ട സെഞ്ച്വറി താരം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. റൂട്ടിന്റെ 29ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 

കിവികള്‍ക്കായി മാറ്റ് ഹെന്റി നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ രണ്ടും ടിം സൗത്തി, നീല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com