പ്രധാന താരങ്ങൾ ഐപിഎൽ ഒഴിവാക്കണം; ഏകദിന ലോകകപ്പിനുള്ള 20 അം​ഗ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ബിസിസിഐ?

മുംബൈയില്‍ നടന്ന ബിസിസിഐയുടെ പ്രകടന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ടുകൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഭാ​ഗമാകുന്ന 20 താരങ്ങളുടെ പട്ടിക ബിസിസിഐ തയ്യാറാക്കിയതായി റിപ്പോർട്ടുകൾ. ഇന്ത്യയിലാണ് ഇത്തവണ ടൂർണമെന്റ്. 20 അം​ഗ താരങ്ങളുടെ ഒരു പൂളിനെയാണ് ഇപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

മുംബൈയില്‍ നടന്ന ബിസിസിഐയുടെ പ്രകടന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ടുകൾ. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, എന്‍സിഎ ചെയര്‍മാന്‍ വിവിഎസ് ലക്ഷ്മണ്‍, മുന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ എന്നിവര്‍ പങ്കെടുത്തു. ബോര്‍ഡ് പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തിന്റെ ഭാഗമായി.

ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കുന്നതിനാൽ പ്രധാന താരങ്ങളോട് വരുന്ന ഐപിഎല്‍ ഒഴിവാക്കി ഐസിസി ഇവന്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടേക്കും. താരങ്ങളുടെ പരിക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പതിവില്ലാത്ത നടപടികള്‍ക്കാണ് ബിസിസിഐ ഒരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ഈ പൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കാനും കളിക്കാരുടെ ഫിറ്റ്‌നസ് ട്രാക്ക് ചെയ്യുന്നതിനു വേണ്ടിയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയെ ചുമലതപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി പ്രവര്‍ത്തിക്കും. ലോകകപ്പും വിദേശ പര്യടനങ്ങളും മുന്നില്‍ കണ്ടാണ് ബോര്‍ഡിന്റെ നീക്കം.

സെലക്ഷന്‍ മാനദണ്ഡങ്ങളെ സംബന്ധിച്ചും യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫിറ്റ്നെസ് തെളിയിക്കാനുള്ള യോയോ ടെസ്റ്റും ഡെക്സയും (എല്ലുകളുടെ സ്‌കാനിങ്) നിര്‍ബന്ധമാക്കും. ഇവയുടെ അടിസ്ഥാനത്തിലാകും ഇനി ടീം തിരഞ്ഞെടുപ്പ്. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലെത്തണമെങ്കില്‍ ആഭ്യന്തര സീസണില്‍ തുടര്‍ച്ചയായി കളിക്കേണ്ടി വരുമെന്ന നിബന്ധനയും കർശനമാക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com