'ഓസീസ് പേസിനെ കാത്ത് ഇന്ത്യൻ ബാറ്റർമാർ'- ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ മുതല്‍

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്- മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യം ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പേസ് ദ്വയമാണ്. ഈ സഖ്യത്തിന് സമീപ കാലത്ത് ഏറ്റവും അധികം വെല്ലുവിളി തീര്‍ത്തത് ഇന്ത്യന്‍ ബാറ്റിങ് നിരയാണ്
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ

ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം നാളെ മുതല്‍ ഓവലില്‍ തുടങ്ങാനിരിക്കെ ക്രിക്കറ്റ് ലോകം ആവേശത്തില്‍. നിലവിലെ മികവ് കണക്കാക്കിയാല്‍ ഇന്ത്യക്കാണ് ക്രിക്കറ്റ് വിദഗ്ധര്‍ മുന്‍തൂക്കം നല്‍കുന്നത്. 

ഓസീസ് പേസര്‍മാര്‍ക്ക് മുകളിലെ ഇന്ത്യന്‍ ആധിപത്യം

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്- മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യം ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പേസ് ദ്വയമാണ്. ഈ സഖ്യത്തിന് സമീപ കാലത്ത് ഏറ്റവും അധികം വെല്ലുവിളി തീര്‍ത്തത് ഇന്ത്യന്‍ ബാറ്റിങ് നിരയാണ്. ഇന്ത്യക്ക് വിദഗ്ധര്‍ മുന്‍തൂക്കം നല്‍കുന്നതിന്റെ കാരണവും ഇതുതന്നെ. 

ഇന്ത്യക്കെതിരെ സ്റ്റാര്‍ക്കിന് മോശം റെക്കോര്‍ഡാണുള്ളത്. 17 മത്സരങ്ങളില്‍ നിന്നു താരം 44 വിക്കറ്റുകള്‍ നേടി. 53 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 2018-19 സീസണില്‍ ഓസീസ് മണ്ണില്‍ ഇന്ത്യക്കെതിരെ 13 വിക്കറ്റ് നേട്ടവും 2020-21 സീസണില്‍ ഇന്ത്യന്‍ മണ്ണില്‍ 11 വിക്കറ്റ് നേട്ടവും താരത്തിനുണ്ട്. എന്നാല്‍ ഏറ്റവും അവസാനം നടന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ സ്റ്റാര്‍ക്ക് അമ്പേ പരാജയപ്പെട്ടു. രണ്ട് ടെസ്റ്റില്‍ നിന്നു രണ്ട് വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്. 

സ്റ്റാര്‍ക്കിനെ അപേക്ഷിച്ച് ഇന്ത്യക്കെതിരെ കമ്മിന്‍സ് ഭേദമാണ്. 12 ടെസ്റ്റുകള്‍ നിന്നു കമ്മിന്‍സ് 46 വിക്കറ്റുകള്‍ താരം നേടി. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം. 2020- 21 സീസണില്‍ ഒരു പരമ്പരയില്‍ 21 വിക്കറ്റുകളുടെ നേട്ടം കമ്മിന്‍സിനുണ്ട്. 

ബാറ്റര്‍മാരുടെ ഫോം

ഇംഗ്ലീഷ് മണ്ണില്‍ കൗണ്ടി കളിച്ച് മിന്നും ഫോമിലാണ് ടെസ്റ്റ് സെപ്ഷലിസ്റ്റ് ചേതേശ്വര്‍ പൂജാര. ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങ് പൂര്‍ത്തിയാക്കി എത്തുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ പ്രതീക്ഷകളെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ഏറ്റവും പോസിറ്റീവായ കാര്യം ഇതുതന്നെ. ടീമിലെ നിര്‍ണായക സ്ഥാനത്തു കളിക്കുന്ന മൂന്ന് പേര്‍ നിലവില്‍ അപാര ഫോമില്‍ നില്‍ക്കുന്നു. 

ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ അജിന്‍ക്യ രഹാനെയും ഐപിഎല്ലില്‍ അമ്പരപ്പിക്കുന്ന മികവ് പുറത്തെടുത്തു. താരത്തിന്റെ സാന്നിധ്യവും ഇന്ത്യക്ക് ബോണസാണ്. 

സമീപകാല മേല്‍ക്കൈ

സമീപ കാലത്ത് ഓസീസിനെ ഇത്രയും വെല്ലുവിളിച്ച ഒരു ടീം ഇന്ത്യയെ പോലെ ഇല്ല. അവസാനം നടന്ന നാല് ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിലും പരമ്പര നേട്ടം ഇന്ത്യക്കായിരുന്നു. ഓസ്‌ടേലിയന്‍ മണ്ണില്‍ രണ്ടെണ്ണം ഇന്ത്യന്‍ മണ്ണില്‍ രണ്ടെണ്ണം. 

ഇന്ത്യന്‍ മണ്ണില്‍ 2016-17, 2022-23 സീസണുകളിലാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 2018-19, 2020-21 സീസണുകളിലും. സമീപ കാലത്തെ ഈ റെക്കോര്‍ഡാണ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com