'റഫറിമാർക്ക് പണം നൽകി, മത്സര ഫലം അനുകൂലമാക്കാൻ ശ്രമിച്ചു'- ബാഴ്സലോണ ക്ലബിനെതിരെ അന്വേഷണം

1994നും 2018നും ഇടയില്‍ ഹോസെയ്ക്ക് അദ്ദേഹത്തിന്റെ സ്ഥാപനം വഴി ബാഴ്‌സലോണ 7.3 ദശലക്ഷം യൂറോ (ഏതാണ്ട് 63 കോടിയോളം രൂപ) നല്‍കിയെന്നാണ് ആരോപണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയ്ക്കെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം. പണം നൽകി റഫറിയെ സ്വാധീനിച്ച് മത്സര ഫലം അനുകൂലമാക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്പാനിഷ് പ്രോസിക്യൂട്ടർമാരാണ് ക്ലബിനെതിരെ പരാതി നൽകിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ക്ലബിന് കാത്തിരിക്കുന്നത് കടുത്ത നടപടികൾ. 

മത്സര ഫലം തങ്ങൾക്കനുകൂലമാക്കാൻ സ്പെയിനിലെ റഫറിയിങ് കമ്മിറ്റി മുൻ വൈസ് പ്രസിഡ‍ന്റ് ഹോസെ മരിയ എന്റിക്വസ് നെഗ്രെയ്‌റയ്ക്ക് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വഴി പണം നൽകിയെന്ന് പരാതിയിൽ പറയുന്നു. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷൻ റഫറിയിങ് കമ്മിറ്റിയുടെ മുന്‍ റഫറിയും മുന്‍ വൈസ് പ്രസിഡന്റുമാണ് ഹോസെ മരിയ എന്റിക്വസ് നെഗ്രെയ്‌റ. നെഗ്രെയ്‌റയെ കൂടാതെ ക്ലബിന്റെ മുന്‍ പ്രസിഡന്റുമാരായ ജോസപ് മരിയ ബര്‍ത്തോമ്യു, സാന്‍ട്രോ റോസെല്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ട്.

1994നും 2018നും ഇടയില്‍ നെഗ്രെയ്‌റയ്ക്ക് അദ്ദേഹത്തിന്റെ സ്ഥാപനം വഴി ബാഴ്‌സലോണ 7.3 ദശലക്ഷം യൂറോ (ഏതാണ്ട് 63 കോടിയോളം രൂപ) നല്‍കിയെന്നാണ് ആരോപണം. മത്സര ഫലത്തെ സ്വാധീനിക്കുന്നതിനാണ് ഈ പണം നല്‍കിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 

സ്പാനിഷ് നികുതി ഉദ്യോഗസ്ഥര്‍ നെഗ്രെയ്‌റയുടെ ഉടമസ്ഥതയിലുള്ള ഡസ്‌നില്‍ 95 എന്ന കമ്പനി 2016- 2018 വര്‍ഷങ്ങള്‍ക്കിടയില്‍ നടത്തിയ നികുതി അടവുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. 

ഇക്കാലയളവില്‍ കമ്പനി ബാഴ്‌സലോണയില്‍ നിന്ന് പണം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതനുസരിച്ച് 2018 ജൂണിലാണ് അവസാനമായി ക്ലബ് കമ്പനിക്ക് പണം നല്‍കിയതെന്നും രേഖകളുണ്ട്. അതിനു ശേഷം റഫറിയിങ് കമ്മിറ്റി പുനഃക്രമീകരിക്കുകയും നെഗ്രെയ്‌റ സംഘടന വിടുകയും ചെയ്തു.

അതേസമയം ആരോപണങ്ങൾ ബാഴ്സലോണ നിഷേധിച്ചു. തങ്ങള്‍ ഒരിക്കലും റഫറിമാരെ വിലക്ക് വാങ്ങിയിട്ടില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യൊവാന്‍ ലപോര്‍ട്ട പ്രതികരിച്ചു. റഫറിയിങ്ങിന്റെ കാര്യത്തില്‍ ഉപദേശം സ്വീകരിക്കുന്നതും ഇതിനായി വിദഗ്ധര്‍ക്ക് പണം നല്‍കുന്നതും പ്രൊഫഷണലിസത്തിന്റെ ഭാഗമാണെന്നും അധികൃതർ അവകാശപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com