സെഞ്ച്വറി വക്കില്‍ കോഹ്‌ലി; കരുതലോടെ നീങ്ങി ഇന്ത്യ

പുറത്താകാതെ 88 റണ്‍സുമായി കോഹ്‌ലി ക്രീസില്‍ തുടരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ് കോഹ്‌ലിക്കൊപ്പം ക്രീസിലുള്ളത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ കരുതലോടെ മുന്നോട്ടു നീങ്ങി ഇന്ത്യ. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെന്ന നിലയില്‍. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ മുന്നില്‍ വച്ച 480 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യക്ക് ഇനി വേണ്ടത് 118 റണ്‍സ്. ശേഷിക്കുന്നത് ആറ് വിക്കറ്റുകള്‍. 

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. പുറത്താകാതെ 88 റണ്‍സുമായി കോഹ്‌ലി ക്രീസില്‍ തുടരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ് കോഹ്‌ലിക്കൊപ്പം ക്രീസിലുള്ളത്. താരം 25 റണ്‍സുമായി ബാറ്റ് വീശുന്നു. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 300 കടന്നതിന് പിന്നാലെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയാണ് നാലാം ദിനം ആദ്യം മടങ്ങിയത്. മൂന്നാം ദിനത്തില്‍ കോഹ്‌ലിക്കൊപ്പം പ്രതിരോധം തീര്‍ത്ത ജഡേജയെ ടോഡ് മര്‍ഫി ഖവാജയുടെ കൈകളിലെത്തിച്ചു. താരം 28 റണ്‍സാണ് എടുത്തത്. 

ഓസ്‌ട്രേലിയക്കായി ടോഡ് മര്‍ഫി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നതാന്‍ ലിയോണ്‍, മാത്യു കുനെമന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയായിരുന്നു മൂന്നാം ദിനത്തിലെ സവിശേഷത. കരിയറിലെ രണ്ടാം സെഞ്ച്വറി കുറിച്ച ശുഭ്മാന്‍ ഗില്‍ 128 റണ്‍സെടുത്ത് മടങ്ങി. 235 പന്തുകള്‍ നേരിട്ട് 12 ഫോറും ഒരു സിക്സും സഹിതമായിരുന്നു താരത്തിന്റെ മികവാര്‍ന്ന ബാറ്റിങ്. ഗില്ലിന് പുറമെ ചേതേശ്വര്‍ പൂജാര (121 പന്തില്‍ 42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (58 പന്തില്‍ 35) എന്നിവരാണ് മൂന്നാം ദിനത്തില്‍ പുറത്തായ താരങ്ങള്‍.   

ഗില്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ പൂജാര പുറത്തായി. 121 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറുകള്‍ സഹിതം 42 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍- പൂജാര സഖ്യം 113 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി പ്രതിരോധം തീര്‍ത്തു. പൂജാരയെ ടോഡ് മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കി. 

മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മുന്നോട്ടു പോകവേയാണ് രോഹിത് ശര്‍മ വീണത്. നായകന്‍ 58 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 35 റണ്‍സെടുത്ത് മടങ്ങി. രോഹിതിനെ മാത്യു കുനെമാന്‍ ലബുഷെയ്നിന്റെ കൈയിലെത്തിച്ചു. 

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 480ല്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ ബാറ്റിങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. 

മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ മികച്ച രീതിയില്‍ മുന്നേറവെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. സ്‌കോര്‍ 74ല്‍ നില്‍ക്കെയാണ് രോഹിതിന്റെ മടക്കം. 
 
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഉസ്മാന്‍ ഖവാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ സെഞ്ച്വറിയാണ് ഓസ്ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് നതാന്‍ ലിയോണ്‍ (34), ടോഡ് മര്‍ഫി (41) എന്നിവര്‍ ചേര്‍ന്ന സഖ്യം സ്‌കോര്‍ 450 കടത്തി. 

ഇന്ത്യക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com