ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നു, എന്റെ ഉള്ളം ശൂന്യമായിരുന്നു'- ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് കോഹ്‌ലി

വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയുടെ വനിതാ ടീമുമായി നടത്തിയ മുഖാമുഖത്തിലായിരുന്നു മുന്‍ നായകന്‍ മനസ് തുറന്നത്

മുംബൈ: ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ നായക സ്ഥാനവും വിരാട് കോഹ്‌ലി ഒഴിഞ്ഞിരുന്നു. ദീര്‍ഘ കാലം ടീമിന്റെ ക്യാപ്റ്റനായിട്ടും കോഹ്‌ലിക്ക് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയാണ് ആര്‍സിബിയെ നയിച്ചത്. 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ കോഹ്‌ലി മനസ് തുറന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയുടെ വനിതാ ടീമുമായി നടത്തിയ മുഖാമുഖത്തിലായിരുന്നു മുന്‍ നായകന്‍ മനസ് തുറന്നത്. അഞ്ചില്‍ അഞ്ച് മത്സരങ്ങളും തോറ്റ വനിതാ സംഘത്തിന് മോട്ടിവേഷന്‍ നല്‍കുന്നതിനായാണ് മുഖാമുഖം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ മത്സരത്തിനിറങ്ങിയ വനിതാ ടീം ടൂര്‍ണമെന്റിലെ ആദ്യ വിജയം കുറിച്ചാണ് തിരികെ കയറിയത്. 

'ക്യാപ്റ്റന്‍ കാലഘട്ടത്തിന് വിരാമം കുറിക്കുമ്പോഴേക്കും എന്റെ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നു കഴിഞ്ഞിരുന്നു. നായകനെന്ന നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ അത് എന്റെ മാത്രം വീക്ഷണമായിരുന്നു.' 

2016ന് ശേഷം നാല് സീസണുകളില്‍ ആര്‍സിബിയുടെ പ്രകടനം ദയനീയമായിരുന്നു. 2020, 21, 22 സീസണുകളില്‍ ആര്‍സിബി പ്ലേ ഓഫിലെത്തി. 

'പുതിയ താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ പുതിയ ഐഡികളും കാഴ്ചപ്പാടുകളും വന്നു. അവരെല്ലാം വളരെ ആവേശത്തിലുമായിരുന്നു. എന്നാല്‍ എനിക്ക് ആ ആവേശമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ടീമില്‍ ഊര്‍ജ്ജം നിറച്ചതോടെ തുടര്‍ച്ചയായി മൂന്ന് തവണ ടീമിന് പ്ലേ ഓഫിലെത്താന്‍ സാധിച്ചു.' 

'ഇപ്പോള്‍ എല്ലാം സീസണ്‍ ആരംഭിക്കുമ്പോഴും ആവേശമുണ്ട്. ടീമിലെ ആര്‍ക്കെങ്കിലും ആത്മവിശ്വാസക്കുറവുണ്ടെങ്കില്‍ സഹ താരങ്ങള്‍ക്കും അത് പരിഹരിക്കാനുള്ള കടമയുണ്ട്. ഇതൊരു കൂട്ടായ ഉത്തരവാദിത്വമാണ്. അരെങ്കിലും പ്രകടനത്തിലടക്കം താഴെ പോകുന്നുവെങ്കില്‍ അവരെ ഉയര്‍ത്തേണ്ടത് സഹ താരങ്ങളാണ്.' 

ഫോം ഔട്ടായപ്പോഴുള്ള മാനസികാവസ്ഥയേയും കോഹ്‌ലി
വിശദീകരിച്ചു. പ്രശസ്തി സംരക്ഷിക്കേണ്ടി വരുന്നതിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ചായിരുന്നു കോഹ്‌ലി പറഞ്ഞത്. 

'മികവോടെ കളിക്കാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദ്ദം ശരിക്കുമുണ്ടായിരുന്നു. ഞാന്‍ ആ ഘട്ടത്തിലൊന്നും സുരക്ഷിതനല്ലെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. എന്റെ പ്രശസ്തി, ഞാന്‍ വിരാട് കോഹ്‌ലി
യാണ്, എനിക്ക് എല്ലാ കളിയിലും മികച്ച പ്രകടനം കാഴ്ചവെക്കണം, പുറത്താകാന്‍ എനിക്ക് കഴിയില്ല തുടങ്ങിയ ചിന്തകളും നിരന്തരം അലട്ടി. നമുക്ക് പിന്നാലെ വരുന്ന താരങ്ങളില്‍ നിന്നു പോലും ഏറെ പഠിക്കാനുണ്ട്. കാരണം അവരുടേത് പുതിയ കാഴ്ചപ്പാടായിരിക്കും.'

'എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ഫോം ഔട്ടായ കാലത്ത് എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആളുകള്‍ എന്നെ എങ്ങനെ നോക്കുന്നു എന്നതടക്കം ഞാന്‍ മറന്നിരുന്നു. നിങ്ങള്‍ എന്തുകൊണ്ട് ആ പന്ത് തട്ടിയില്ല എന്ന് പുതിയ താരങ്ങള്‍ വന്ന് ചോദിക്കുമ്പോഴാണ് അത് ശരിയാണല്ലോ എന്ന തോന്നല്‍ ഉണ്ടാകുന്നത്. അതിന്റെ തുടര്‍ച്ചയിലാണ് കാര്യങ്ങള്‍ പിടികിട്ടിത്തുടങ്ങുന്നതും ഫോം തിരിച്ചുപിടിക്കുന്നതും'- കോഹ്‌ലി
വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com