

ചെന്നൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടം ഇന്ന്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയവുമായി നില്‍ക്കുകയാണ്. അതിനാല്‍ ഇന്നത്തെ മത്സരം കിരീടം നിര്‍ണയിക്കുന്ന പോരാട്ടമായതിനാല്‍ ഫലത്തില്‍ ഫൈനല്‍ പ്രതീതിയാണ് മത്സരത്തിന്.
ചെന്നൈയിലെ ചെപ്പോക്കിലാണ് പരമ്പര നിര്‍ണയിക്കുന്ന അവസാന പോരാട്ടം. മഴയുടെ ഭീഷണി നില്‍ക്കുന്നത് ഇരു ടീമുകളുടേയും പ്രതീക്ഷകളെ ആശങ്കയിലാക്കുന്നുണ്ട്.
രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ എല്ലാ ദൗര്‍ബല്യങ്ങളും വലിച്ച് പുറത്തിട്ടാണ് ഓസീസ് ഉജ്ജ്വല വിജയം പിടിച്ചത്. ഇന്ത്യ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ മണ്ണില്‍ ഓസീസ് പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് കളം വിട്ടത്. ഇന്ന് ജയിച്ചാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയെ ഈ മണ്ണില്‍ തോല്‍പ്പിച്ച് പരമ്പര നേടുന്ന ആദ്യ ടീമായി ഓസീസ് മാറും.
ബാറ്റിങ് നിരയുടെ അസ്ഥിരതയാണ് ഇന്ത്യയെ കുഴക്കുന്നത്. രോഹിതിന്റെ അഭാവത്തില്‍ ആദ്യ ഏകദിനത്തില്‍ അവസരം കിട്ടിയ ഇഷാന്‍ കിഷന്‍ അവസരം മുതലാക്കിയില്ല. ശുഭ്മാന്‍ ഗില്‍ ടെസ്റ്റില്‍ മികവ് പുലര്‍ത്തിയെങ്കിലും ഏകദിനത്തില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല.
ഏറെ പ്രതീക്ഷ നല്‍കിയ സൂര്യകുമാര്‍ യാദവ് രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി മടങ്ങി. താരത്തിന്റെ തുടരെയുള്ള രണ്ട് സംപൂജ്യ മടക്കങ്ങള്‍ വലിയ വിമര്‍ശനവും പരിഹാസവുമൊക്കെ വിളിച്ചു വരുത്തിയിരുന്നു. താരത്തെ ഇന്ന് കളിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് മുന്‍ താരങ്ങളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ബൗളിങ് നിരയുടെ കാര്യത്തില്‍ വലിയ ആശങ്കകള്‍ ഇല്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് പേസ് അറ്റാക്കിന്റെ കുന്തമുനകള്‍. യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ അടക്കമുള്ള സ്പിന്നര്‍മാരും ഏത് അവസരത്തിലും കളി തിരിക്കാന്‍ കെല്‍പ്പുള്ളവര്‍.
ബൗളിങില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റിങില്‍ മിച്ചല്‍ മാര്‍ഷും പുറത്തെടുക്കുന്ന മിന്നും ഫോമാണ് ഓസ്‌ട്രേലിയക്ക് പ്രതീക്ഷ നല്‍കുന്നത്. രണ്ടാം പോരാട്ടത്തില്‍ മാര്‍ഷും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന ഓപ്പണിങ് സഖ്യം വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം മറികടന്നത്. എത്ര ചെറിയ സ്‌കോറാണെന്ന് പറഞ്ഞാലും അവരുടെ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates