വെറും 48 മണിക്കൂര്‍; കിവികളോട് തോറ്റു, പാകിസ്ഥാന്റെ ഒന്നാം റാങ്കും പോയി!

ഏകദിന റാങ്കിങില്‍ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ അവര്‍ക്ക് പക്ഷേ അതു ആഘോഷിക്കാന്‍ 48 മണിക്കൂര്‍ മാത്രമേ സമയം കിട്ടിയുള്ളു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിന പോരാട്ടത്തില്‍ പാകിസ്ഥാന് തോല്‍വി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനുള്ള അവരുടെ ശ്രമം ന്യൂസിലന്‍ഡ് തകര്‍ത്തു. പരമ്പര 4-1നാണ് പാകിസ്ഥാന്‍ നേടിയത്. അവസാന മത്സരത്തിലെ തോല്‍വി അവര്‍ക്ക് വമ്പന്‍ നഷ്ടമാണ് വരുത്തിയത്. 

ഐസിസി ഏകദിന റാങ്കിങില്‍ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ അവര്‍ക്ക് പക്ഷേ അതു ആഘോഷിക്കാന്‍ 48 മണിക്കൂര്‍ മാത്രമേ സമയം കിട്ടിയുള്ളു. കിവികളോട് തോറ്റതോടെ അവര്‍ റാങ്കിങില്‍ വീണു. പഴയ പോലെ വീണ്ടും അവര്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. ഇതോടെ 113 പോയിന്റുകളുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും തിരികെ എത്തി. പാകിസ്ഥാന്‍ 112 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. 

അവസാന ഏകദിനത്തില്‍ 47 റണ്‍സിനാണ് പാകിസ്ഥാനെ ന്യൂസിലന്‍ഡ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 49.3 ഓവറില്‍ 299 റണ്‍സിന് എല്ലാവരും പുറത്തായി. പാക് മറുപടി 46.1 ഓവറില്‍ അവസാനിച്ചു. അവര്‍ക്ക് 252 റണ്‍സേ നേടാന്‍ സാധിച്ചുള്ളു. 

ന്യൂസിലന്‍ഡിനായി വില്‍ യങ് (87), ക്യാപ്റ്റന്‍ ടോം ലാതം (59) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. മാര്‍ക് ചാപ്മാന്‍ (43), രചിന്‍ രവീന്ദ്ര (28), കോള്‍ മക്കോഞ്ചി (26), ഹെന്റി നിക്കോള്‍സ് (23) എന്നിവരും തിളങ്ങി. 

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകള്‍ നേടി. ഉസാമ മിര്‍, ഷദബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഹരിസ് റൗഫ്, മുഗമ്മദ് വാസിം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

വിജയം തേടിയിറങ്ങിയ പാകിസ്ഥാന് വേണ്ടി ഇഫ്തിഖര്‍ അഹമ്മദ് തിളങ്ങി. താരം 94 റണ്‍സുമായി പുറത്താകാതെ നിന്നു. ആഘ സല്‍മാന്‍ (57) താരത്തിന് മികച്ച പിന്തുണ നല്‍കി. മറ്റൊരാളും പിന്തണയ്ക്കാനില്ലാതെ പിന്നീട് താരം നിസഹായനായി. ഓപ്പണര്‍ ഫഖര്‍ സമാന്‍ 33 റണ്‍സെടുത്തു. മറ്റൊരാളും തിളങ്ങിയില്ല. 

കിവീസിനായി ഹെന്റി ഷിപ്‌ലി, രചിന്‍ രവീന്ദ്ര എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദം മില്‍നെ, മാറ്റ് ഹെന്റി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com