ചെന്നൈ: എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്‌കോര്‍ 200 കടക്കാതെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമായത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നവീന്‍ ഉള്‍ ഹഖിന്റെ മികച്ച ബൗളിങ്ങായിരുന്നു. താരം മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ആരാധകര്‍ കോഹ്‌ലി വിളികളുമായി നവീനിനെ പലപ്പോഴും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കണ്ടു. എന്നാല്‍ അത്തരം നിമിഷങ്ങളൊക്കെ താന്‍ ആസ്വദിക്കുകയാണെന്ന് നവീന്‍ പ്രതികരിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പ്രാഥമിക ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗ്രൗണ്ടില്‍ വച്ചും മത്സര ശേഷവും കോഹ്‌ലിയും നവീനും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീറും കോഹ്‌ലിയുമായുള്ള തകര്‍ക്കത്തിലേക്കും മറ്റും സംഭവം വഴിവച്ചു. വന്‍ തുക പിഴ ശിക്ഷ അടക്കമുള്ളവയും മൂവരും നേരിട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെയും പരോക്ഷ കുറിപ്പുകളുമായി വിവാദം കൊഴുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ചിദംബരം സ്റ്റേഡിയത്തില്‍ കണ്ടത്. താരം ബൗള്‍ ചെയ്യുമ്പോഴും ബൗണ്ടറിക്ക് സമീപം ഫീല്‍ഡിങിന് നിന്നപ്പോഴുമെല്ലാം ആരാധകര്‍ കോഹ്‌ലി, കോഹ്‌ലി വിളികളുമായി നിറഞ്ഞു. ഇനിയും വിളിക്കാന്‍ താരം കാണികളോട് ആംഗ്യം കാണിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു.
'ആ കോഹ്‌ലി വിളികള്‍ ഞാന്‍ ആസ്വദിക്കുന്നു. അദ്ദേഹത്തിന്റേയും മറ്റേത് താരത്തിന്റേയും പേര് വിളിച്ച് ആരാധകര്‍ ഇങ്ങനെ ഒച്ച ഉണ്ടാക്കുന്നത് ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് ആവേശം നല്‍കുന്ന കാര്യമാണ്.'
'പുറത്തുള്ള ആരവങ്ങളില്‍ അധികം മുഴുകാറില്ല. ഞാന്‍ ശ്രദ്ധ കൊടുക്കുന്നതു മുഴുവന്‍ എന്റെ ക്രിക്കറ്റിലാണ്. ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പു വിളികള്‍ എന്നെ ബാധിക്കുന്നില്ല.'
'ഒരിക്കല്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ആരാധകര്‍ എതിരാകും. മറ്റൊരു ദിവസം മികവ് പ്രകടിപ്പിച്ചാല്‍ ആരാധകര്‍ പ്രശംസിക്കും. അതിനാല്‍ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് താരമെന്ന നിലയില്‍ ഇതെല്ലാം അതിന്റേതായി രീതിയില്‍ എടുക്കണം. അടിസ്ഥാനപരമായി ഇതെല്ലാം കളിയുടെ ഭാഗമാണ്.'
കോഹ്‌ലിയുമായുള്ള തര്‍ക്കത്തില്‍ നവീന് ഉറച്ച പിന്തുണ നല്‍കിയത് ടീമിന്റെ മെന്റര്‍ കൂടിയായ ഗംഭീറാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മെന്ററോ, കോച്ചോ, ക്യാപ്റ്റനോ ആരായാലും ഒപ്പം നില്‍ക്കുമെന്ന് നവീന്‍ വ്യക്തമാക്കി.
'ഗംഭീര്‍ ഇന്ത്യയുടെ ഇതിഹാസ താരമാണ്. അദ്ദേഹത്തെ ഇന്ത്യക്കാര്‍ വളരെ ആരാധിക്കുന്നു. ഗ്രൗണ്ടിലും പുറത്തും അദ്ദേഹം എന്നെ സ്വാധീനിച്ച വ്യക്തിയാണ്. ഏറെ ബഹുമാനമുണ്ട് ഗംഭീറിനോട്. അദ്ദേഹത്തില്‍ നിന്നു ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും സാധിച്ചു'- നവീന്‍ പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ