വാംഖഡയെ ത്രസിപ്പിച്ച മാസ്മരിക ഇന്നിങ്‌സ്: മാക്‌സ്‌വെല്‍ പോക്കറ്റിലാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍ 

ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ ബാറ്ററായി മാക്‌സ്‌വെല്‍
ഡബിൾ സെഞ്ച്വറി നേടിയ മാക്സ് വെൽ/ പിടിഐ
ഡബിൾ സെഞ്ച്വറി നേടിയ മാക്സ് വെൽ/ പിടിഐ

മുംബൈ:മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അഫ്ഗാനെതിരെ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഓസ്‌ട്രേലിയ
ലോകകപ്പ് സെമിയില്‍ എത്തിയിരിക്കുകയാണ്. അഫ്​ഗാനിസ്ഥാൻ ഉയര്‍ത്തിയ 291 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ഒറ്റയാള്‍ പോരാട്ടമാണ് മാക്‌സ്‌വെല്‍ നടത്തിയത്. 128 പന്തില്‍ 21 ഫോറും പത്ത് സിക്‌സും സഹിതം 201 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ ബാറ്ററായി ഗ്ലെന്‍ മാക്സ്വെല്‍. 

തകര്‍പ്പന്‍ ഇന്നിങ്‌സോടെ ക്രിക്കറ്റിലെ ഒരു പിടി റെക്കോര്‍ഡുകളും മാക്‌സ്‌വെല്‍ സ്വന്തം അക്കൗണ്ടിലേക്ക് ചേര്‍ത്തു. ആ റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നറിയാം. 

ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ ബാറ്ററായി മാക്‌സ്‌വെല്‍,  ഏകദിനത്തില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്റെ മികച്ച സ്‌കോര്‍ ഷെയ്ന്‍ വാട്സണിന്റെ(185) പേരിലായിരുന്നു. 2011 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇത്. 

ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലിനും വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ലിനും ശേഷം ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്ററാണ് ​ഗ്ലെൻ മാക്സ് വെൽ. ഡബിൾ സെഞ്ച്വറി നേടുന്ന ഏകദിനത്തിലെ ഒമ്പതാമത്തെ ബാറ്ററും.

രണ്ടാമത്തെ ബാറ്റിങ്ങില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മാക്‌സ്‌വെല്ലിന്റേത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന്റെ ഫഖര്‍ സമന്റെ 193 റണ്‍സ് എന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. 

128 പന്തില്‍ 201 റണ്‍സ് നേടിയ മാക്‌സവെല്ലിന്റെ ഇന്നിങ്‌സ് വേഗമേറിയ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറിയാണ്. ബംഗ്ലാദേശിനെതിരെ ഇഷാന്‍ കിഷന്റെ 126 പന്തില്‍ നേടിയ ഇരട്ട സെഞ്ച്വറി ഇന്നിങ്‌സാണ് ആദ്യത്തേത്. 

ഏകദിനത്തില്‍ ആറാം നമ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കപില്‍ ദേവിന്റെ സിംബാബ്വെക്കെതിരെയുള്ള റെക്കോര്‍ഡും മാക്‌സ്‌വെല്‍  തകര്‍ത്തു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയ മൂന്നാമത്തെ താരമാണ് മാക്‌സ്‌വെല്‍. മാക്‌സ്‌വെല്‍ (43)  ക്രിസ് ഗെയ്ല്‍ (49), രോഹിത് ശര്‍മ (45) എന്നിവരാണ് പട്ടികയില്‍ 

ടീം സ്‌കോറിന്റെ 68.60 ശതമാനം റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. വിവിയന്‍ റിച്ചാര്‍ഡ്സാണ് (69.48%) പട്ടികയില്‍ ഒന്നാമന്‍. 

ഏകദിന ക്രിക്കറ്റിലെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് മാക്‌സ്‌വെല്ലും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് നേടിയ 202 റണ്‍സിന്റെ കൂട്ടുകെട്ട്. 2006ല്‍ ആന്‍ഡ്രൂ ജെയിംസ് ഹാളും ജസ്റ്റിന്‍ കെമ്പും ഇന്ത്യയ്‌ക്കെതിരെ നേടിയ 138* റണ്‍സായിരുന്നു ഇതിനുമുമ്പ് ഏറ്റവും മികച്ചത്.

മാര്‍ട്ടിന്‍ ഗപ്ടിലിന് (35) ശേഷം ഒരു ലോകകപ്പ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ (31) ബൗണ്ടറികള്‍(21 ഫോറും പത്ത് സിക്‌സും) നേടിയത് മാക്‌സ്‌വെല്ലാണ്.

143 പന്തില്‍ 129 ഇന്നിങ്‌സ് കാഴ്ചവെച്ച ഇബ്രാഹിം സാദ്രാന്‍  ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമായി. ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒരു താരം നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. അഫ്ഗാനിസ്ഥാന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമാണ് സാദ്രാന്‍

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com