ബ്രിസ്‌ബെയ്ന്‍: ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പ്രകോപനമാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനത്തിന്റെ പിന്നിലെന്നു വിശ്വസിക്കുന്നതായി മുന്‍ ഓസീസ് നയകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. പിങ്ക് പന്തില്‍ അരങ്ങേറിയ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വിജയം പിടിച്ചിരുന്നു. മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സ് 2 വിക്കറ്റും വീഴ്ത്തി മൊത്തം 8 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഒന്നാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ യശസ്വിയെ പുറത്താക്കി സ്റ്റാര്‍ക്കാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടതും.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് ജയ്‌സ്വാള്‍ സ്റ്റാര്‍ക്കിനെ പരിഹസിച്ചത്. താങ്കള്‍ വളരെ പതുക്കെയാണ് പന്തെറിയുന്നത് എന്നായിരുന്നു താരത്തിന്റെ കമന്റ്.
'സ്റ്റാര്‍ക്ക് തലപ്പൊക്കമുള്ള ആളാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എതിര്‍ താരങ്ങളില്‍ ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞാലും ഒരു ചിരി മാത്രം നല്‍കുന്നതാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇത്തരം പ്രകോപനങ്ങള്‍ കേള്‍ക്കുമ്പോള്‍ പുറമേ ചിരിക്കുന്ന സ്റ്റാര്‍ക്കിന്റെ ഉള്ളില്‍ ഒരു തീ പടരുന്നുണ്ടാകും. അഡ്‌ലെയ്ഡില്‍ കണ്ടതും മറ്റൊന്നല്ല. എത്ര മനോഹരമായാണ് അദ്ദേഹം പന്തെറിഞ്ഞത്.'
'ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ സ്റ്റാര്‍ക്ക് വീഴ്ത്തി. യഥാര്‍ഥത്തില്‍ ആ ഒറ്റ പന്തില്‍ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടിരുന്നു. 34ാം വയസിലും സ്റ്റാര്‍ക്ക് മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. എന്തുകൊണ്ടോ ലോകത്തെ മികച്ച പേസര്‍മാരുടെ കണക്കെടുപ്പിലൊന്നും അദ്ദേഹം ആരും പരിഗണിക്കുന്നില്ല. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും മികവോടെ നില്‍ക്കാന്‍ തന്റെ ബൗളിങ് ശൈലി തന്നെ അദ്ദേഹം പരിഷ്‌കരിക്കുന്നു.'
'തീര്‍ച്ചയായും സ്റ്റാര്‍ക്ക് അഭിനന്ദനം അര്‍ഹിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം പന്തെറിയുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സ്ഥിരത പുലര്‍ത്തുന്നു. വേഗത ഇപ്പോഴും പഴയ പോലെ തന്നെ നിലനിര്‍ത്തുന്നു. ഇപ്പോവും 150 കിലോമീറ്റര്‍ വേഗതയുണ്ട്. പെര്‍ത്തിലും അഡ്‌ലെയ്ഡിലും അദ്ദേഹം ആദ്യ സ്‌പെല്‍ തുടങ്ങിയതു തന്നെ അവിശ്വസനീയമാം വിധം മികവോടെയാണ്.'
'പിങ്ക് പന്തിലെ അദ്ദേഹത്തിന്റെ സ്വാധീനം ആ റെക്കോര്‍ഡുകള്‍ നോക്കിയാല്‍ തന്നെ അറിയാം. പിങ്ക് പന്തിനു യഥാര്‍ഥത്തില്‍ വൈറ്റ് ബോളുമായി നല്ല സാമ്യമുണ്ട്. അതും സ്റ്റാര്‍ക്കിലെ പിങ്ക് പന്ത് സ്വാധീനത്തിനു കാരണമായിരിക്കാം. വൈറ്റ് ബോളില്‍ സ്റ്റാര്‍ക്കിനു മികച്ച റെക്കോര്‍ഡുണ്ട്.'
'ഓസീസ് ടീമിന്റെ തിരിച്ചു വരവുകള്‍ ഇങ്ങനെയാണ്. കമ്മിന്‍സും ഹെഡുമടക്കമുള്ള ടീമിലെ മുതിര്‍ന്ന താരങ്ങളെല്ലാം മികവിലേക്ക് വന്നു. കൃത്യ സമയത്തു തന്നെ അവര്‍ മികവ് പുറത്തെടുത്തു. രണ്ടാം ടെസ്റ്റില്‍ അതു കണ്ടു. അടുത്ത ആഴ്ച ബ്രിസ്‌ബെയ്‌നിലും ആ മികവ് പ്രതീക്ഷിക്കാം'- പോണ്ടിങ് വ്യക്തമാക്കി.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായാണ് സ്റ്റാര്‍ക്കിനെ കണക്കാക്കുന്നത്. എല്ലാ ഫോര്‍മാറ്റിലുമായി താരത്തിന് 692 വിക്കറ്റുകളുണ്ട്. ഓസീസിന്റെ രണ്ട് ഏകദിന ലോകകപ്പ്, ഒരു ടി20 ലോകകപ്പ്, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീട നേട്ടങ്ങളിലും സ്റ്റാര്‍ക്ക് പങ്കാളിയും ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക