ചെന്നൈ: ഡി ഗുകേഷ് ചരിത്രമെഴുതി ലോക ചെസ് ചാംപ്യനായി മാറിയപ്പോള്‍ അതില്‍ ചെറുതല്ലാത്ത ആനന്ദവുമായി ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദും. ആനന്ദിന്റെ അക്കാദമിയിലൂടെയാണ് ഗുകേഷ് ചെസിന്റെ ബുദ്ധി പോരാട്ടത്തിലേക്ക് ഇറങ്ങുന്നത്.
വിജയത്തില്‍ താരത്തെ ആനന്ദ് അഭിനന്ദിച്ചു. ഒപ്പം ഗുകേഷിനെ ചെറിയ പ്രായത്തില്‍ കണ്ടതിന്റെ ഓര്‍മകളും എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ അദ്ദേഹം പങ്കിട്ടു. 'ഇതാ ആ രാജാവ്'- എന്ന കുറിപ്പോടെയാണ് പണ്ടത്തെ ചിത്രം താരം പങ്കിട്ടത്.
ഗുകേഷിന്റെ അനുപമ നേട്ടത്തില്‍ അഭിനന്ദനവുമായി നേരത്തെ എക്‌സില്‍ കുറിപ്പിട്ടിരുന്നു. ഗുകേഷിനൊപ്പമിരിക്കുന്ന ചിത്രം പങ്കിട്ടായിരുന്നു അഭിനന്ദനക്കുറിപ്പ്.
'അഭിനന്ദങ്ങള്‍! ഈ നേട്ടം ചെസിനും ഇന്ത്യക്കും വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിക്കും എനിക്ക് വ്യക്തിപരമായും അഭിമാനിക്കാവുന്ന നിമിഷമാണ്. ആവേശകരമായി മത്സരം കളിച്ച് ഡിങ് ആരാണെന്നും കാണിച്ചു തന്നു.'- ആനന്ദ് കുറിച്ചു.
നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ കീഴടക്കിയാണ് 18ാം വയസില്‍ ഗുകേഷ് അനുപമ നേട്ടം സ്വന്തമാക്കിയത്. ചെസ് ലോക ചാംപ്യന്‍പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗുകേഷ് സ്വന്തമാക്കി. ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരവും ഗുകേഷ് തന്നെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക