

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി നിര്‍ണായക ഘട്ടത്തില്‍ ബാറ്റിങില്‍ വീണ്ടും വന്‍ തോല്‍വിയായി മാറി. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 16 പന്തുകള്‍ നേരിട്ട് വെരും 3 റണ്‍സുമായി കോഹ്‌ലി മടങ്ങി. പിന്നാലെ താരത്തെ ഉപദേശിക്കുകയാണ് ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍.
കോഹ്‌ലി തന്റെ ഇഷ്ട താരമായ സച്ചിന്‍ 2004ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ നേടിയ ഇരട്ട സെഞ്ച്വറിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു ഫോമിലെത്തുകയാണ് വേണ്ടതെന്നു ഗാവസ്‌കര്‍ ഉപദേശിക്കുന്നു. സിഡ്‌നിയില്‍ അന്ന് 241 റണ്‍സെടുത്താണ് സച്ചിന്‍ ആവേശം തീര്‍ത്തത്. ഈ ഇന്നിങ്‌സിന്റെ ഔന്നത്യം എടുത്തു പറഞ്ഞാണ് ഗാവസ്‌കര്‍ ബാറ്റിങ് ടെക്‌നിക്കില്‍ മാറ്റം വരുത്താന്‍ പറയുന്നത്. ഒഫ് സ്റ്റംപിനു പുറത്തുള്ള പന്തുകള്‍ കവര്‍ ഡ്രൈവ് കളിക്കാന്‍ ശ്രമിച്ചാണ് കോഹ്‌ലി നിരന്തരം പുറത്താകുന്നത്. ഇക്കാര്യമാണ് ഗാവസ്‌കര്‍ പറയുന്നത്.
'കോഹ്‌ലി ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഹീറോയായ സച്ചിനെ മാത്രം നോക്കിയാല്‍ മതി. അന്ന് ഓഫ് സൈഡില്‍ കളിക്കുമ്പോഴുള്ള പ്രശ്‌നത്തെ അദ്ദേഹം മറികടന്ന രീതിയാണ് നോക്കേണ്ടത്. ക്ഷമയും നിയന്ത്രണവും നിലനിര്‍ത്തി കളിച്ച ആ ഇന്നിങ്‌സില്‍ ഓഫ് സൈഡിലേക്ക് ഒരു ഷോട്ടും അടിച്ചില്ല. അന്ന് കവര്‍ മേഖലയിലേക്ക് പോലും ഷോട്ടടിച്ചില്ല. കവറില്‍ കളിക്കാന്‍ ശ്രമിക്കുമ്പോഴും ആ കാലത്ത് സച്ചിന്‍ ക്ഷണത്തില്‍ പുറത്താകുമായിരുന്നു. അന്ന് സച്ചിന്‍ കളിച്ച ഷോട്ടുകളെല്ലാം ഏതാണ്ട് സ്‌ട്രെയ്റ്റും ഓണ്‍ സൈഡുമൊക്കെയായിരുന്നു.'
'കോഹ്‌ലി കളിയിലും മനസിലുമൊക്കെ മൊത്തത്തില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് ആദ്യം വേണ്ടത്. ഓഫ് സ്റ്റംപിനു പുറത്തേക്കുള്ള പന്തുകള്‍ പ്രതിരോധിക്കാനോ അല്ലെങ്കില്‍ കളിക്കാതിരിക്കാനോ ഉള്ള വിവേകം കാണിക്കണം. ബോട്ടം ഹാന്‍ഡില്‍ കളിക്കാനുള്ള മികവ് ധാരാളമുള്ള ബാറ്ററാണ് കോഹ്‌ലി. അദ്ദേഹം അത്തരത്തിലോ അല്ലെങ്കില്‍ മിഡ് വിക്കറ്റിനു നേരെയോ കളിച്ച് നിലവിലെ പോരായ്മ പരിഹരിക്കുകയാണ് വേണ്ടത്'- ഗാവസ്‌കര്‍ വ്യക്തമാക്കി.
കരിയറിന്റെ ഒരു ഘട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഒഫ് സ്റ്റംപിനു പുറത്തുള്ള പന്തിനു ബാറ്റ് വച്ച് പുറത്താകുന്ന സമാന സാങ്കേതിക പോരായ്മയോടു മല്ലിട്ടിട്ടുണ്ട്. അത്തരമൊരു ഫോം ഔട്ട് ഘട്ടത്തിലാണ് സച്ചിന്‍ കരുതലോടെ നിലയുറപ്പിച്ച് 436 പന്തുകള്‍ നേരിട്ട് 33 ഫോറുകള്‍ സഹിതം 241 റണ്‍സ് അടിച്ചത്. അന്ന് 10 മണിക്കൂറോളം സച്ചിന്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
