![Real Madrid Win Intercontinental Cup](http://media.assettype.com/samakalikamalayalam%2F2024-12-19%2Fgbm55qna%2FGfHKvvJWAAASkEw.jpeg?w=480&auto=format%2Ccompress&fit=max)
ദോഹ: ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ കിരീടം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്. ഫൈനലിൽ മെക്സിക്കോ ക്ലബ് പച്ചുക്കയെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് വീഴ്ത്തിയാണ് റയൽ കിരീടത്തിൽ മുത്തമിട്ടത്. കിലിയൻ എംബാപ്പെ, വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർ റയലിനായി വല ചലിപ്പിച്ചു.
കളിയിൽ റയലിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. കളിയുടെ 37ാം മിനിറ്റിൽ എംബാപ്പെയാണ് ഗോളടി തുടങ്ങിയത്. വിനിഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ശേഷിച്ച രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.
ആദ്യ ഗോൾ നേടിയ എംബാപ്പെ രണ്ടാം ഗോളിനു വഴിയൊരുക്കി. 53ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരത്തിന്റെ പാസിൽ നിന്നു റോഡ്രിഗോയാണ് വല ചലിപ്പിച്ചത്. വാർ പരിശോധനയിലാണ് ഗോൾ അനുവദിച്ചത്.
ഒടുവിൽ 83ാം മിനിറ്റിൽ മൂന്നാം ഗോൾ. റയലിനു അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ഗോളായി മാറിയത്.
റയൽ താരം ലുക്കാസ് വാസ്ക്വസിനെ പച്ചുക്ക താരം ഇദ്രിസി ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. ഏറെ നേരത്തെ വാർ പരിശോധനയ്ക്കൊടുവിലാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത വിനിഷ്യസിനു പിഴച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക