വെടിക്കെട്ടുമായി സ്മൃതിയും റിച്ചയും, ഇന്ത്യയ്ക്ക് റെക്കോര്‍ഡ് സ്‌കോര്‍; വിന്‍ഡീസിനെതിരെ പരമ്പര

റിച്ച ഘോഷ്, വനിതാ ടി 20 യിലെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി
india
കപ്പുമായി ഇന്ത്യൻ ടീം എക്സ്
Updated on

നവി മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടി 20 പരമ്പര ഇന്ത്യന്‍ വനിതകള്‍ നേടി. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 60 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. മത്സരത്തില്‍ ഇന്ത്യ റെക്കോര്‍ഡ് സ്‌കോര്‍ ആണ് കുറിച്ചത്.

സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ധാനയുടേയും റിച്ച ഘോഷിന്റേയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. വനിതാ ടി 20 യില്‍ ഇന്ത്യയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ ആണിത്. ഇന്ത്യയ്ക്കായി സ്മൃതി 47 പന്തില്‍ 77 റണ്‍സും, റിച്ച 21 പന്തില്‍ 54 ഉം റണ്‍സെടുത്തു. പരമ്പരയിലെ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് സ്മൃതിയുടേത്.

18 പന്തുകളില്‍ അര്‍ധ സെഞ്ച്വറി കുറിച്ച റിച്ച ഘോഷ്, വനിതാ ടി 20 യിലെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍, ഓസ്‌ട്രേലിയയുടെ ഫിബി ലിച്ച്ഫീല്‍ഡ് എന്നിവരാണ് മുമ്പ് 18 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചത്. ഇന്ത്യ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com