മെല്‍ബണ്‍: യശസ്വി ജയ്സ്വാളിന്റെ വിവാദ പുറത്താകല്‍ ഇന്ത്യന്‍ ആരാധകരുടെ രോഷത്തിന് ഇടയാക്കിയിരിക്കുകയാണ്. വാഷിങ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് കരുതലോടെ ബാറ്റ് വീശിയ യശസ്വിയെ പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെയാണ് ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഒന്നടങ്കം അസ്തമിച്ചത്. ഇടംകൈയന്‍ ബാറ്ററായ യശസ്വിയുടെ ബാറ്റില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈയിലേക്ക് പോയത് എന്ന് പറഞ്ഞ് ആരാധകരുടെ രോഷം തണുപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ജയ്സ്വാള്‍ 84 റണ്‍സുമായി ബാറ്റ് ചെയ്യുമ്പോഴായിരുന്നു വിവാദ പുറത്താകല്‍. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈയില്‍ എത്തിയത്. കമ്മിന്‍സും അലക്‌സ് കാരിയും ഔട്ടിനായി അപ്പീല്‍ ചെയ്തു. അംപയര്‍ വഴങ്ങിയില്ല. ഉടന്‍ തന്നെ ഓസീസ് തീരുമാനം ഡിആര്‍എസിന് വിട്ടു. സ്‌നിക്കോ മീറ്ററില്‍ എഡ്ജ് രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും മൂന്നാം അംപയര്‍ യശസ്വി ജയ്‌സ്വാള്‍ ഔട്ട് ആണ് എന്ന് വിധിയെഴുതി. ഹുക്ക് ചെയ്യുമ്പോള്‍ ബാറ്റില്‍ ഉരസി പോകുന്നത് പോലെ പന്തിന് ഉണ്ടായ വ്യതിയാനമാണ് മൂന്നാം അംപയറുടെ തീരുമാനത്തിന് അടിസ്ഥാനം. മെല്‍ബണിലെ ഇന്ത്യന്‍ കാണികള്‍ അംപയറുടെ തീരുമാനത്തെ ചതിയന്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു പ്രതികരിച്ചത്. യശസ്വി ജയ്‌സ്വാള്‍ ഔട്ടായതോടെ ഇന്ത്യ വേഗത്തില്‍ കൂടാരം കയറുന്നതാണ് പിന്നീട് കണ്ടത്.
ജയ്സ്വാളിന്റെ വിവാദമായ പുറത്താകലില്‍ വികാരാധീനനാകാതെ പ്രായോഗിക കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് രോഹിത് പ്രതികരിച്ചത്. 'സാങ്കേതികവിദ്യയില്‍ ഒന്നും കാണിച്ചില്ല, പക്ഷേ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണുമ്പോള്‍ ബാറ്റില്‍ പന്ത് തട്ടിയതായി തോന്നി'- മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
'അംപയര്‍മാര്‍ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ന്യായമായി പറഞ്ഞാല്‍ യശസ്വിയുടെ ബാറ്റില്‍ പന്ത് സ്പര്‍ശിച്ചുവെന്ന് ഞാന്‍ കരുതുന്നു,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാങ്കേതികവിദ്യയെ കുറിച്ച് പൂര്‍ണമായി അറിയില്ല. പക്ഷേ ഞങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഞങ്ങള്‍ അല്‍പ്പം നിര്‍ഭാഗ്യവാന്മാരാണ്, ഇത്തരം തീരുമാനങ്ങള്‍ക്ക് കൂടെകൂടെ ഇരയാകേണ്ടി വരുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാം അംപയറുടെ തീരുമാനം ശരിയല്ലെന്ന് സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചു. 'പന്തിന്റെ വ്യതിയാനം മിഥ്യയാകാം. നിങ്ങള്‍ എന്തിനാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്? സാങ്കേതികവിദ്യ ഉണ്ടെങ്കില്‍, ഒരാള്‍ അത് ഉപയോഗിക്കണം. നിങ്ങള്‍ കാണുന്നതിനെ അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയും സാങ്കേതികവിദ്യയെ അവഗണിക്കുന്നതും ശരിയല്ല' -ഗാവസ്‌കര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക