മുംബൈ: ഇന്ത്യയൊരുക്കിയ അതേ സ്പിന്‍ കെണി തിരിച്ചു പ്രയോഗിച്ച് ന്യൂസിലന്‍ഡ്. മൂന്നാം ടെസ്റ്റില്‍ 19 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയുടെ നാല് ബാറ്റര്‍മാര്‍ കൂടാരം കയറി. ആദ്യദിനം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 235 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. അവശേഷിച്ച സമയത്തിനുളളിലാണ് ഇന്ത്യ തകര്‍ച്ച നേരിട്ടത്.
രോഹിത് ശര്‍മ പതിവുപോലെ വേഗം പുറത്തായി. 18 പന്തില്‍നിന്നും 18 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. യശസ്വി ജയ്‌സ് വാള്‍ നന്നായി കളിച്ചുതുടങ്ങിയെങ്കിലും 30 റണ്‍സിന് പുറത്തായി. ഇല്ലാത്ത റണ്‍സിനായി ഓടി വിരാട് കോഹ് ലിയും പുറത്തായി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സാണ് കോഹ് ലി എടുത്തത്. നൈറ്റ് ബാറ്റര്‍ ആയി വന്ന മുഹമ്മദ് സിറാജ് ആദ്യപന്തില്‍ തന്നെ മടങ്ങി. അജാസ് പട്ടേല്‍ രണ്ടും പേസര്‍ മാറ്റ് ഹെന്റി ഒരുവിക്കറ്റും നേടി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.
ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയും നാല് വിക്കറ്റ് എടുത്ത വാഷിങ് ടണ്‍ സുന്ദറുമാണ് ന്യൂസിലന്‍ഡിനെ ആദ്യദിനത്തില്‍ തന്നെ ഓള്‍ഔട്ട് ആക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വരുതിയില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്.
ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാഥം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ 'കറക്കി വീഴ്ത്തിയ' മിച്ചല്‍ സാന്റ്നര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധിയാണ് ടീമില്‍ ഇടം പിടിച്ചത്. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെന്റിക്കും ന്യൂസീലന്‍ഡ് അവസരം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക