മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ തോല്‍വി. മൂന്ന് ടെസറ്റുകള്‍ അടങ്ങിയ പരമ്പരയില്‍ സ്വന്തം മണ്ണിൽ ഇന്ത്യ പൂര്‍ണമായി ന്യൂസിലന്‍ഡിനോട് അടിയറവ് പറഞ്ഞു.
മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 147 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 25 റണ്‍സ് അകലെ വച്ച് പുറത്തായി. 121 റണ്‍സിന് ഇന്ത്യയുടെ പത്തു ബാറ്റര്‍മാരും കൂടാരം കയറി. 64 റണ്‍സ് അടിച്ച ഋഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന സൂചന നല്‍കിയെങ്കിലും പന്ത് നിർണായക ഘട്ടത്തിൽ ഔട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. ഋഷഭ് പന്തിന് പുറമേ രണ്ടക്കം കടന്നത് രണ്ടു ബാറ്റര്‍മാര്‍ മാത്രമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (11), വാഷിങ്ടണ്‍ സുന്ദര്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ശേഷിക്കുന്ന ബാറ്റര്‍മാര്‍ മുഴുവന്‍ നിരാശപ്പെടുത്തി. 71 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലാണ് ഋഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ഒന്നിച്ചത്. ഇവര്‍ ടീം സ്‌കോര്‍ നൂറ് കടത്തിയപ്പോള്‍ ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പന്ത് വീണതോടെ ഈ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.
മുന്‍നിര പോലെ തന്നെ വാലറ്റവും നിരാശപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തില്‍ കളിക്കാറുള്ള രവീന്ദ്ര ജഡേജയും അശ്വിനും വലിയ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ കൂടാരം കയറിയതും ഇന്ത്യന്‍ തോല്‍വി അനിവാര്യമാക്കി. 14.1 ഓവറില്‍ 57 റണ്‍സ്് മാത്രം വഴങ്ങി ആറു വിക്കറ്റ് നേടിയ അജാസ് പട്ടേല്‍ ആണ് ഇന്ത്യയുടെ നടുവൊടിച്ചത്.
ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങ് തുടങ്ങിയ ന്യൂസിലന്‍ഡ് 174 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജ 5 വിക്കറ്റ് നേടി. വിജയം തേടി രണ്ടാമിന്നിങ്സ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ഒമ്പത് ഓവറിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. യശസ്വി ജയ്സ്വാള്‍ (5), രോഹിത് ശര്‍മ്മ (11), ശുഭ്മാന്‍ ഗില്‍ (1), വിരാട് കോഹ്ലി (1), സര്‍ഫറാസ് ഖാന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇജാസ് പട്ടേലാണ് ഇന്ത്യയെ തുടക്കത്തിലേ തകര്‍ത്തത്. മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. തുടര്‍ന്ന് ബാറ്റിങ് എത്തിയ ഋഷഭ് പന്ത് ടീമിന്റെ രക്ഷകനാകുമെന്ന് കരുതിയ സമയത്ത് ഔട്ടായതാണ് ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക