സിഡ്‌നി: പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ ജോഷ് ഇംഗ്ലിസ് നയിക്കും. ആദ്യമായാണ് ഇംഗ്ലിസ് ഓസിസ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ഓസിസ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയുടെ 14-ാമത് ടി20 ക്യാപ്റ്റനും ഏകദിന ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കുന്ന 30-ാമത്തെ ക്യാപ്റ്റനുമായി ഇംഗ്ലിസ് മാറും.
പാകിസ്ഥാനെതിരായ അവസാന ഏകദിനത്തിലും പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ജോഷ് ഇംഗ്ലിസ് ടീമിനെ നയിക്കും. മുതിര്‍ന്ന താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരും അവസാനമത്സരം കളിക്കില്ല. വൈറ്റ് ബോള്‍ സ്ഥിരം നായകന്‍ മിച്ചല്‍ മാര്‍ഷ് അവധിയിലായതോടെയാണ് ഇംഗ്ലിസിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്.
ഏകദിന, ടി20 ടീമുകളിലെ ഓസിസിന്റെ അവിഭാജ്യഘടകമാണ് ജോഷെന്ന് ഓസിസ് സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു. കളിക്കളത്തിലും പുറത്തും ഏറെ ആദരണീയനായ കളിക്കാരനാണ് ജോഷ്. ഇംഗ്ലിസ് നേരത്തെ ഓസ്‌ട്രേലിയന്‍ എ ടീമിനെ നയിച്ചിരുന്നു. വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായ ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരുടെ പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്ന് ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാകിസ്ഥാനെതിരെ ടി20യില്‍ ഓസ്ട്രേലിയ കളിക്കുന്നത്. നവംബര്‍ 14, 16, 18 തീയതികളിലാണ് ടി20 പരമ്പര. സേവ്യര്‍ ബാര്‍ട്ലെറ്റ്, നതാന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സ് അടങ്ങിയ പേസ് ത്രയം ടീമില്‍ തിരിച്ചത്തി. മൂവരും പരിക്കു മാറിയാണ് ഇടംപിടിച്ചത്.
ഓസ്ട്രേലിയ ടി20 ടീം- സീന്‍ അബ്ബോട്ട്, സേവ്യര്‍ ബാര്‍ട്ലെറ്റ്, നതാന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സ്, കൂപ്പര്‍ കോണോലി, ടിം ഡേവിഡ്, ജാക് ഫ്രേസര്‍ മക്ഗുര്‍ക്, ആരോണ്‍ ഹാര്‍ഡി, ഗ്ലന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ, ജോഷ് ഇംഗ്ലിസ്, മാത്യു ഷോട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക