ബെന്‍ സ്റ്റോക്‌സ് ഇല്ല, ഐപിഎല്‍ ലേലത്തിന് ഇറ്റാലിയന്‍ പേസറും; താര നിര ഇങ്ങനെ

ഐപിഎല്‍ മെഗാ ലേല പട്ടികയില്‍ നിന്ന് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പുറത്തായി
IPL MEGA AUCTION
ഐപിഎൽ മെഗാ ലേലം ജിദ്ദയിൽ
Updated on
2 min read

ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ ലേലത്തിനുള്ള കളിക്കാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഇല്ല. 1,574 കളിക്കാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ മുന്‍താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഇറ്റാലിയന്‍ മീഡിയം പേസര്‍ തോമസ് ഡ്രാക്ക, ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ മീഡിയം പേസര്‍ സൗരഭ് നേത്രവല്‍ക്കര്‍ എന്നിവര്‍ ഇടംപിടിച്ചു. നവംബര്‍ 24 മുതല്‍ 25 വരെ രണ്ടുദിവസമായി ജിദ്ദയിൽ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ ഇവരുടെ പേരുകളെല്ലാം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ അതത് ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്തു. രണ്ടു കോടി രൂപ വീതം അടിസ്ഥാന വിലയിട്ട ഈ താരങ്ങളെ മറ്റു ഫ്രാഞ്ചൈസികള്‍ക്ക് ലേലത്തില്‍ വാങ്ങാം. കഴിഞ്ഞ നവംബര്‍ മുതല്‍ വിവിധ പരിക്കുകള്‍ കാരണം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമിയെയും അദ്ദേഹത്തിന്റെ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് റിലീസ് ചെയ്തു. മുഹമ്മദ് ഷമിയ്ക്കും ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനും രണ്ടു കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ദീപക് ചഹര്‍, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഏറ്റവും കൂടിയ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുമായി പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കളിക്കാര്‍. ശാര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവരും ഈ പട്ടികയിലുണ്ട്.

കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ വിറ്റഴിക്കാതെ പോയ ഇന്ത്യന്‍ ബാറ്റര്‍മാരായ സര്‍ഫറാസ് ഖാനെയും പൃഥ്വി ഷായെയും അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്തു. തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനും ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഐപിഎല്ലിന്റെ അവസാന സീസണ്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ച ബെന്‍ സ്റ്റോക്സ്, 2025 എഡിഷനും ഒഴിവാക്കി.

ഈ വര്‍ഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 42 കാരനായ ആന്‍ഡേഴ്‌സണ്‍ ആദ്യമായി ഐപിഎല്ലിന് രജിസ്റ്റര്‍ ചെയ്തു. 10 വര്‍ഷം മുമ്പ് 2014ലാണ് വെറ്ററന്‍ പേസര്‍ അവസാനമായി ടി20 കളിച്ചത്. 1.25 കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. ഈ വര്‍ഷമാദ്യം നടന്ന ടി20 ലോകകപ്പില്‍ അമേരിക്കയ്ക്ക് വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് നേത്രവല്‍ക്കര്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണം. ഓറാക്കിളിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. മുന്‍ ലേലങ്ങളില്‍ വില്‍ക്കപ്പെടാതെ പോയ ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണും അടിസ്ഥാന വിലയായ 2 കോടിയുമായി മത്സരരംഗത്തേക്ക് പ്രവേശിച്ചു. ഐപിഎല്ലിന്റെ കഴിഞ്ഞ ലേലത്തില്‍ 24.50 കോടി രൂപയ്ക്ക് വാങ്ങിയതോടെ, ഏറ്റവും വിലയേറിയ താരമായി മാറിയ ഓസ്‌ട്രേലിയയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഈ വര്‍ഷത്തെ ലേലത്തില്‍ 2 കോടി രൂപയാണ് അടിസ്ഥാന വില.

2023 എഡിഷനില്‍ അവസാനമായി കളിച്ച ഇംഗ്ലണ്ടിന്റെ പേസര്‍ ജോഫ്ര ആര്‍ച്ചറും ഇതേ അടിസ്ഥാന വിലയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. മീഡിയം പേസര്‍ തോമസ് ഡ്രാക്ക ഇറ്റലിയില്‍ നിന്ന് ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ താരമായി. ഈ വര്‍ഷം ജൂണില്‍ ഇറ്റലിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20യിലെ പ്രകടനമാണ് ഇദ്ദേഹത്തെ പട്ടികയില്‍ ഇടംപിടിക്കാന്‍ സഹായിച്ചത്. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 11 വിക്കറ്റുകള്‍ നേടിയ ഡ്രാക്ക ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ഡ്രാക്ക രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com