ബ്രിഡ്ജ്ടൗണ്‍: മത്സരത്തിനിടെ നായകനുമായി ഇടഞ്ഞ് വെസ്റ്റിന്‍ഡീസ് പേസ് ബൗളര്‍ ഗ്രൗണ്ടില്‍ നിന്നും ഡ്രസ്സിങ് റൂമിലേക്ക് കയറിപ്പോയി. ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ്, ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധം അരങ്ങേറിയത്. നായകന്‍ ഷായ് ഹോപ്പുമായി ഉടക്കി ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫാണ് ഡഗ് ഔട്ടിലേക്ക് കയറിപ്പോയത്.
മത്സരത്തിലെ നാലാം ഓവര്‍ എറിയാന്‍ നായകന്‍ ഷായ് ഹോപ്പ് അല്‍സാരി ജോസഫിനെ വിളിച്ചു. ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നത് സംബന്ധിച്ച് ജോസഫ് നായകനുമായി ഏറെനേരം സംസാരിച്ചശേഷമാണ് ബൗളിങ് തുടങ്ങിയത്. ഓവറിനിടെ ജോസഫിന്റെ പന്തില്‍ ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്‌സിന്റെ ഷോട്ട് പോയിന്റിലൂടെ പോയി. ഉടന്‍ തന്നെ സ്ലിപ്പ് ഫീല്‍ഡിങ് വിന്യാസത്തില്‍ അല്‍സാരി ജോസഫ് ക്യാപ്റ്റനോട് അതൃപ്തി പ്രകടിപ്പിച്ചു.
തുടര്‍ന്ന് അല്‍സാരി ജോസഫിന്റെ ആ ഓവറില്‍ത്തന്നെ 148 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ച് കോക്‌സ് പുറത്തായി. എന്നാല്‍ വിക്കറ്റ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കാതിരുന്ന അല്‍സാരി ജോസഫ് നായകനോട് വിരല്‍ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിച്ചശേഷം ഗ്രൗണ്ട് വിടുകയായിരുന്നു. ഇതു കണ്ട കാണികള്‍ സ്തബ്ധരായി. ഇതിനിടെ ബൗണ്ടറി ലൈനിനരികില്‍ നിന്ന കോച്ച് ഡാരിന്‍ സമി അല്‍സാരി ജോസഫിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ അല്‍സാരി ജോസഫ് ഡഗ്ഔട്ടിലെ ഇരിപ്പിടത്തില്‍ പോയി ഇരുന്നു. ഇതോടെ വിന്‍ഡീസ് ടീം 10 പേരായി ചുരുങ്ങി. തുടര്‍ന്ന് പകരക്കാരനായി ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ, അല്‍സാരി ജോസഫ് വീണ്ടും ഗ്രൗണ്ടിലേക്ക് തിരിച്ചു വരികയായിരുന്നു. അല്‍സാരി ജോസഫിന്റെ പ്രവൃത്തിയെ ഇംഗ്ലണ്ട് മുന്‍ താരം മാര്‍ക്ക് ബച്ചര്‍ രൂക്ഷമായി വിമര്‍ശിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണെടുത്തത്. മറുപടി ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ബ്രണ്ടന്‍ കിങ്ങിന്റെയും കിസി കാര്‍ട്ടിയുടേയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ എട്ടുവിക്കറ്റിന് വിജയിച്ചു. കിങ് 117 പന്തില്‍ 102 റണ്‍സും, കാര്‍ട്ടി 114 പന്തില്‍ 128 റണ്‍സുമെടുത്തു. വിജയത്തോടെ മൂന്നു മത്സര പരമ്പര വെസ്റ്റ് ഇന്‍ഡീസ് നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക