ഡര്‍ബന്‍: തുടര്‍ച്ചയായ പരാജയങ്ങള്‍ തന്റെ കഴിവില്‍ സംശയം തോന്നിപ്പിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും ആത്മവിശ്വാസവും ക്യാപ്റ്റന്റെയും പരിശീലകന്റെയും പിന്തുണയും ശക്തമായ തിരിച്ചുവരവിന് സഹായിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. 'എന്റെ കരിയറില്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്. ആ പരാജയത്തിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. ഇതില്‍ സോഷ്യല്‍ മീഡിയ തീര്‍ച്ചയായും ഒരു പങ്ക് വഹിക്കുന്നുണ്ട്'- ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ താരം പറഞ്ഞു.
ഞാന്‍ എന്നെ കുറിച്ച് തന്നെ ഒരുപാട് ചിന്തിക്കാറുണ്ട്. സഞ്ജു, നിങ്ങള്‍ രാജ്യാന്തര മത്സരത്തിന് പറ്റിയ ആളല്ലേ?, ഐപിഎല്ലില്‍ നിങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. എന്നാല്‍ രാജ്യാന്തര മത്സരങ്ങളില്‍ ആ നിലവാരത്തിലേക്ക് എത്തുന്നില്ല. പക്ഷേ, ഇത്രയും വര്‍ഷത്തെ അനുഭവപരിചയത്തിന് ശേഷം എനിക്കറിയാം എന്റെ കഴിവ് എന്താണെന്ന്. എനിക്ക് കുറച്ച് സമയം ക്രീസില്‍ ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ സ്പിന്നിലും പേസിലും ഷോട്ടുകള്‍ ഉതിര്‍ക്കാനുള്ള കഴിവ് എനിക്കുണ്ട്. എനിക്ക് തീര്‍ച്ചയായും ടീമിന് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് എനിക്കറിയാം. എനിക്ക് മത്സരം ജയിപ്പിക്കാന്‍ കഴിയും. ഇത് ഒരു യാഥാര്‍ഥ്യമാണ്. തീര്‍ച്ചയായും ഉണ്ട്. ഒരുപാട് താഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ നേട്ടങ്ങളും ഒരുപാട് സന്തോഷം പകരുന്നതാണ്.'- സഞ്ജു സാംസണ്‍ പറഞ്ഞു.
'നിങ്ങള്‍ക്ക് സൂര്യകുമാര്‍ യാദവ്, ഗൗതം ഭായ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെപ്പോലെ പിന്തുണ നല്‍കുന്നവര്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ സാധിക്കും. പരാജയ സമയത്ത് അവര്‍ ആശയവിനിമയം നടത്തുന്ന രീതി വളരെ പ്രധാനമാണ്. പരാജയങ്ങളിലും പിന്തുണ നല്‍കാന്‍ മടിക്കാത്തവരാണ് അവര്‍. ഒരു നെഗറ്റീവ് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍, കളിക്കാരന് അവിടെ എല്ലാം നഷ്ടപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ ആ സമയത്ത്, എനിക്ക് ഗൗതം ഭായിയില്‍ നിന്നും സൂര്യയില്‍ നിന്നും ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഡക്ക് ആയി പുറത്തുപോകുമ്പോള്‍ എങ്ങനെ പരിശീലനം നടത്തണമെന്ന് അവര്‍ പറഞ്ഞുതരുന്നു. കേരളത്തിലെ എല്ലാ സ്പിന്നര്‍മാരെയും വിളിപ്പിച്ച് അവിടെ പരിക്കന്‍ വിക്കറ്റുകളില്‍ പരിശീലിക്കണം. ഇത് ചെയ്യുക, നിങ്ങള്‍ അത് ചെയ്യുക എന്ന തരത്തിലാണ് അവര്‍ പ്രോത്സാഹിപ്പിക്കുന്നത്.- താരം തുടര്‍ന്നു.
'ഡക്ക് ആയി പുറത്തായ ശേഷവും എങ്ങനെ പ്രാക്ടീസ് ചെയ്യണമെന്ന് നിങ്ങളോട് പറയുകയാണെങ്കില്‍, ക്യാപ്റ്റന്‍ നിങ്ങളെ വിശ്വസിക്കുന്നുവെന്നാണ് അര്‍ത്ഥം. അത് ആത്മവിശ്വാസം കൂട്ടും. നിങ്ങള്‍ നന്നായി ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആ ചെറിയ ചെറിയ കാര്യങ്ങളെല്ലാം വളരെ വലുതാണെന്ന് ഞാന്‍ കരുതുന്നു. എന്നില്‍ കാണിച്ച വിശ്വാസത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. അത് എന്റെ ടീം മാനേജ്മെന്റിന് തിരികെ നല്‍കാന്‍ എനിക്ക് കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്ക് തോന്നുന്നു. കഠിനമായി പരിശീലിക്കാനും കഠിനമായി പരിശീലിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിനായി കളിക്കാന്‍ കഴിയുന്നതില്‍ വളരെ നന്ദിയുണ്ട്. ഓരോ തവണയും എന്റെ രാജ്യത്തിനായി കളിക്കുമ്പോള്‍ സംഭാവന നല്‍കാനും വിജയിക്കാനും നോക്കും'- സഞ്ജു സാംസണ്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക