Sanju Samson
സെഞ്ച്വറി നേട്ടത്തിൽ സഞ്ജു സാംസണിന്റെ ആഹ്ലാദ പ്രകടനംഎപി

90 കടന്നാലും സിക്‌സ് മതി, ടീമാണ് പ്രധാനം; സഞ്ജുവിന്റേത് വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം: സൂര്യകുമാര്‍ യാദവ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20ല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.
Published on

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20ല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. നാഴികക്കല്ലുകളോട് അടുക്കുമ്പോഴും ബൗണ്ടറികള്‍ക്കായുള്ള അശ്രാന്ത പരിശ്രമം സാംസണിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കുന്നതായി സൂര്യകുമാര്‍ യാദവ് പറഞ്ഞു.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ അദ്ദേഹം ഭക്ഷിക്കുന്നത്. 90 കടന്നാലും സമ്മര്‍ദ്ദത്തിന് അടിപെടാതെ ബൗണ്ടറിയ്ക്ക് വേണ്ടി തിരയുന്ന താരത്തെയാണ് സഞ്ജുവില്‍ കാണാന്‍ സാധിക്കുക. വ്യക്തിഗത നേട്ടങ്ങള്‍ക്ക് പകരം ടീമിനായി കളിക്കുന്നു. ഇത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു'- സൂര്യകുമാര്‍ യാദവ് പറഞ്ഞു.

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 203 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം.

47പന്തില്‍ 9 സിക്‌സിന്റെയും 7 ബൗണ്ടറിയുടെയും അകമ്പടിയോയാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി അടിച്ചത്. ഇതോടെ ടി20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ സെഞ്ച്വറിയാണിത്.

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. 27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ച്വറിയിലെത്താന്‍ പിന്നീട് എടുത്തത് 20 പന്തുകള്‍ മാത്രം. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്.

പാട്രിക് ക്രുഗര്‍ക്കതിരെ സിക്സ് അടിച്ച് 98ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ച്വറിയിലെത്തി. സെഞ്ച്വറിക്കുശേഷം എന്‍കബയോംസി പീറ്ററിനെ വീണ്ടും സിക്സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ കൈകളിലെത്തി. സിക്സ് എന്നുറപ്പിച്ച പന്ത് സ്റ്റബ്സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com