ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയെ ട്രോളി ആരാധകര്‍. മത്സരത്തില്‍ ബാറ്റു ചെയ്യുന്നതിനിടെ സഹതാരം അര്‍ഷ്ദീപ് സിങ്ങുമായുള്ള സംസാരം പുറത്തുവന്നതോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പാണ്ഡ്യക്കെതിരെ വിമര്‍ശനം ഉയരുന്നത്.
'ഇനി അപ്പുറത്തുനിന്ന് കളി ആസ്വദിച്ചോ'യെന്ന് പാണ്ഡ്യ അര്‍ഷ്ദീപിനോട് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വൈറലായത്.
മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ അവസാന ഓവറുകളില്‍ പാണ്ഡ്യ - അര്‍ഷ്ദീപ് സഖ്യമായിരുന്നു ക്രീസില്‍. അര്‍ഷ്ദീപിനോട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ തുടരാന്‍ പറഞ്ഞ പാണ്ഡ്യ തുടര്‍ന്നു ലഭിച്ച 10 പന്തില്‍ ഏഴു പന്തും മിസ് ചെയ്ത് ഡോട്ട് ബോളാക്കി. അവസാന രണ്ട് ഓവറില്‍ ഇന്ത്യയ്ക്ക് 9 റണ്‍സ് മാത്രമേ നേടാനായുള്ളൂ. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാത്തതിനും അര്‍ഷ്ദീപിനെ വിശ്വസിക്കാതെ അഹങ്കാരം കാണിച്ചതിനും താരത്തിനെ സോഷ്യല്‍ മീഡിയ വളരെയധികം വിമര്‍ശിച്ചു. ബാറ്റിങ് ബുദ്ധിമുട്ടുള്ള ട്രാക്കില്‍ കിട്ടും ബോണസ് റണ്‍ പോലും ഗുണം ചെയ്യുമായിരുന്ന സാഹചര്യത്തില്‍ താരം കാണിച്ചത് മണ്ടത്തരം ആയി പോയെന്നാണ് ആരാധകര്‍ പറയുന്നത്.
17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ഇതിനു പിന്നാലെ മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ 18ാം ഓവറില്‍ ഒരു സിക്‌സും രണ്ടു ഫോറും സഹിതം പാണ്ഡ്യ അടിച്ചെടുത്തത് 14 റണ്‍സ്. ജെറാള്‍ഡ് കോട്‌സെ എറിഞ്ഞ 19ാം ഓവര്‍ ആരംഭിക്കുമ്പോള്‍ അര്‍ഷ്ദീപ് സിങ്ങായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ റണ്ണെടുക്കാനായില്ല. അടുത്ത പന്തില്‍ സിംഗിള്‍. സ്‌ട്രൈക്ക് ലഭിച്ച് ക്രീസിലെത്തിയതിനു പിന്നാലെയാണ്, 'ഇനി അപ്പുറത്തുനിന്ന് ആസ്വദിക്കൂ' എന്ന് പാണ്ഡ്യ അര്‍ഷ്ദീപിനോടു പറഞ്ഞത്. മാസ് ഡയലോഗുമായി ക്രീസിലെത്തിയ പാണ്ഡ്യയ്ക്ക് പക്ഷേ, തുടര്‍ന്നു ലഭിച്ച 10 പന്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. കോട്‌സെയുടെ 19ാം ഓവറിലെ ശേഷിച്ച നാലു പന്തില്‍ ഒരു വൈഡും ഒരു ബൈയും സഹിതം ഇന്ത്യയ്ക്ക് ലഭിച്ചത് 2 റണ്‍സ്.
മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ 20ാം ഓവറിലും പാണ്ഡ്യയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടു തവണ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ ഈ ഓവറില്‍ കൈവിട്ടു സഹായിച്ചിട്ടും അവസാന പന്തിലെ ഫോര്‍ ഉള്‍പ്പെടെ പാണ്ഡ്യയ്ക്ക് നേടാനായത് ആറു റണ്‍സ് മാത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക