ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്ററായ ഗുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യം സംശയം. ഓസ്‌ട്രേലിയയില്‍ പരിശീലന മത്സരത്തിനിടെ ഇടതു തള്ളവിരലിന് ഒടിവുണ്ടായതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പരിശീലന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. കാര്യമായ വേദന അനുഭവപ്പെട്ട ഗില്‍ ഉടന്‍ തന്നെ കളിക്കളം വിട്ടു. ആദ്യ ടെസ്റ്റ് ആരംഭിക്കാന്‍ ഒരാഴ്ചയില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ മത്സരത്തിന് മുന്‍പ് ഫിറ്റ്‌നസ് നേടുന്നത് മിക്കവാറും അസാധ്യമായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സാധാരണഗതിയില്‍ തള്ളവിരലിലെ ഒടിവ് ഭേദമാകാന്‍ 14 ദിവസമെടുക്കും. അതിനുശേഷം പതിവ് നെറ്റ് പരിശീലനത്തില്‍ പങ്കെടുത്താണ് ഫിറ്റ്‌നസ് തെളിയിക്കേണ്ടത്. അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതലാണ്. ആ മത്സരത്തിന് മുന്‍പ് മാത്രം ഗില്‍ ഫിറ്റ്‌നസ് നേടാനാണ് സാധ്യത നിലനില്‍ക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഗില്ല് കളിച്ചില്ലെങ്കില്‍ ടീമിന് വലിയ തിരിച്ചടിയാകും.
മൂന്നാം നമ്പറിന് പുറമേ ഓപ്പണിങ് സ്ഥാനത്തേയ്ക്കും വിശ്വസിപ്പിച്ച് ഏല്‍പ്പിക്കാവുന്ന താരമാണ് ഗില്‍. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചില്ലായെങ്കില്‍ അഭിമന്യു ഈശ്വരന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിച്ചേക്കും. കുഞ്ഞ് ജനിച്ച പശ്ചാത്തലത്തില്‍ മുന്‍തീരുമാനം മാറ്റി ആദ്യ ടെസ്റ്റിന് മുന്‍പ് മൂന്ന് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ വ്യക്തിപരമായ കാരണത്താല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല എന്നാണ് താരം പറഞ്ഞിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക